വയനാട്ടിലെ കാർ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു, ആകെ മരണം രണ്ടായി

Update: 2024-04-14 09:22 GMT

വയനാട്ടിൽ കാവുമന്ദം ചെന്നലോട് മൈലാടൻകുന്നിൽ കാർ നിയന്ത്രണം വിട്ട്താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ പരിക്കേറ്റ കുട്ടികളിൽ ഒരാൾ മരിച്ചു. ഇതോടെ ആകെ മരണം രണ്ടായി. ഇന്നലെ മരണമടഞ്ഞ തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. എച്ച്.എസ്.എസിലെ അറബി അധ്യാപകനുമായ ഗുൽസാറിന്റെ (44) അനുജൻ ജാസിറിന്റെ മകൾ ഫിൽസ (12) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഗുൽസാറിന്റെ മക്കളായ നസീം മുഹമ്മദ്(17), ലഹിൻ ഹംസ (3), ലൈഫ മറിയം (7), ഗുൽസാറിന്റെ സഹോദരി നദീറയുടെ മകൾ ഫിൽദ (12) എന്നിവർക്കും ഗുൽസാറിന്റെ ഭാര്യ ജസീലയ്ക്കും പരിക്കുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്.

എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഗുൽസാറാണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ഉംറ നിർവഹിച്ച് പെരുന്നാൾ രാത്രിയാണ് ഗുൽസാർ നാട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ രാവിലെ കുടുംബത്തിനൊപ്പം രണ്ടു കാറുകളിലായി വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഗുൽസാറിന്റെ മറ്റൊരു കുട്ടി രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നു. ഇസ്ലാഹീ പ്രഭാഷകൻ, കെ.എൻ.എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം ജോ. സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. കുയ്യംതടത്തിൽ മുഹമ്മദ് മേലേവീട്ടിൽ അലീമ ദമ്പതികളുടെ മകനാണ്.

Tags:    

Similar News