കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്ക് നേരെയുണ്ടായ അക്രമം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Update: 2023-07-10 08:33 GMT

കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹൈക്കോടതിയുടെ മുന്നിൽ ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാർ അപ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണം നിലനിൽക്കെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ബസ് ഉടമയ്ക്ക് നേരെ അക്രമം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിലും ലേബർ ഓഫിസറിന് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഈ രീതിയിലാണ് പെരുമാറുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. എന്നാൽ പെട്ടന്നുണ്ടായ അക്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയിൽ നൽകിയ വിശദീകരണം. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പോലീസിനോട് ചോദിച്ച കോടതി പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു .

ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കും. ആ അടി കിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്കല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്നും കോടതി ചോദിച്ചു. കേസ് 18 നു വീണ്ടും പരിഗണിക്കാൻ മാറ്റി. കുമരകം എസ് എച്ച് ഒയും ഡി വൈ എസ് പിയും സത്യവാങ്മൂലം നൽകണം, പോലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി, അതിൽ പൊലീസ് എന്ത് അന്വേഷണം നടത്തി എന്ന കാര്യങ്ങൾ കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News