'ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത്, രഹസ്യ വിദേശയാത്ര എന്തിന്?'; വിഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്രയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്, ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കിൽ അത് പലവിധ സംശയങ്ങൾക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏൽപിച്ചിട്ടില്ല എങ്കിൽ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിൽ സംശയങ്ങളുയർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.