തിരുവനന്തപുരത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് നിലവിൽ പോലീസിന്റെ തീരുമാനം. അതേസമയം, കുട്ടി നടന്നെത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
എന്നാൽ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പോലീസ് പരിശോധിച്ചു വരുന്നത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും