ഇടുക്കി തൊടുപുഴ കോപ്പറേറ്റീവ് ലോ-കോളജിൽ സമരം തുടരുന്നു; മാനേജ്മെന്റുമായി നടത്തിയ ചർച്ച പരാജയം
ഇടുക്കി തൊടുപുഴ കോപ്പറേറ്റീവ് ലോ-കോളജിലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച പരാജയം. മാർച്ച് നാല് വരെ കോളേജ് അടച്ചിട്ട് അന്വേഷണം നടത്താൻ തയ്യാറെന്ന് മാനേജ്മെന്റ് അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ സന്നദ്ധരായില്ല.പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയാണ്. അതേസമയം തൊടുപുഴയിൽ സമരം ചെയ്ത വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതായി ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം കെട്ടിടത്തിന്റെ മുകളിൽ കയറിയുള്ള വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. വിദ്യാർഥികൾ നാലുമണിക്കൂറായി കോളേജ് കെട്ടിടത്തിനു മുകളിലാണ്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം. ചില വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കില്‍ അന്യായമായി മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം ആരംഭിച്ചത്.