വിഭാഗീയത സൃഷ്ടിച്ചു , ഐക്യദാൃഢ്യം തകർത്തു ; കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറ്റാരോപണ മെമ്മോ
മല്ലു ഹിന്ദു ഓഫീസേർസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങൾ ആരോപിച്ച് മെമ്മോ നൽകിയത്. സംസ്ഥാനത്തെ ഐ എ എസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിൽ കെ ഗോപാലകൃഷ്‌ണൻ മറുപടി നൽകണം.
ഗോപാലകൃഷ്‌ണൻ്റെ പ്രവർത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്ന് മെമ്മോയിൽ വിമർശിക്കുന്നു. ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല, മല്ലു ഹിന്ദു ഓഫീസേർസ് - മല്ലു മുസ്ലിം ഓഫീസെർസ് ഗ്രൂപ്പുകൾ ഉണ്ടാക്കി, ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ വിമർശിക്കുന്നു. 30 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.