ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല; ദേശീയ ബാലാവകാശ കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് ജലീൽ
രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാന്‍റുകൾ നൽകരുതെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ. മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദ്ദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഏറെ സാദ്ധ്യതകളുള്ളതുമാണെന്ന് ജലീൽ പറഞ്ഞു. ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ ആയിരിക്കും പൂട്ടിക്കുകയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്കൂളുകളിൽ പോകാത്ത കുട്ടികളെ ലാക്കാക്കി, അവർക്ക് പ്രാഥമിക ഭൗതിക വിദ്യഭ്യാസവും നൽകുന്ന ഉത്തരേന്ത്യൻ സംവിധാനങ്ങളെ, ദക്ഷിണേന്ത്യൻ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ല. സർക്കാരിന്‍റെ പണം മതപഠനത്തിനായി നൽകപ്പെടുന്നില്ല. ഓരോ മതവിഭാഗക്കാരും കുട്ടികളിൽ നിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് മാസാമാസം ശമ്പളം നൽകുന്നത്. കമ്മീഷന്‍റെ മുനവെച്ചുള്ള പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവെക്കാനിടയുണ്ട്. ഉത്തരവാദപ്പെട്ടവർ തന്നെ ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങളുടെ പ്രചാരകരാകുന്നത് ഭൂഷണമല്ല.
എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മദ്രസ്സകൾ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കമെന്നും ജലീൽ പറഞ്ഞു.