ആർഎസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ എം.വി. രാഘവൻ അനുസ്മരണ പരിപാടിയിലാണ് കെ. സുധാകരന്റെ പരാമർശം. ആർഎസ്എസ് ശാഖകൾ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ ആളെ വിട്ടുനൽകി സംരക്ഷിച്ചിട്ടുണ്ടെന്നു സുധാകരൻ പറഞ്ഞു. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് ഇപ്രകാരം സംരക്ഷിച്ചത്. ആർഎസ്എസ് ആഭിമുഖ്യമല്ല, മൗലികാവശകാശങ്ങൾ തകരാതിരിക്കാൻ വേണ്ടി ജനാധിപത്യ വിശാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്തത്. എന്നാൽ ആർഎസ്എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പീന്നീട് മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞു. ഏത് പാർട്ടി ആണെങ്കിലും പ്രവർത്തിക്കാൻ അവസരം നഷ്ടമായാൽ ഇടപെടുമെന്നും വേണ്ടി വന്നാൽ സിപിഎമ്മിനും സംരക്ഷണം നൽകുമെന്നും സുധാകരൻ പറഞ്ഞു. ബിജെപിയിൽ പോകണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് താനാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.