'സിപിഎം ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല'; കുറേ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ഇ പി ജയരാജൻ
പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ അടിസ്ഥാനത്തിൽ കുറേ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പെരിയയിലും പരിസരപ്രദേശങ്ങളിലുമായി കോൺഗ്രസ് നടത്തുന്ന അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.
'ചീമേനിയിൽ സിപിഎമ്മിന്റെ അഞ്ച് നേതാക്കളെ കോൺഗ്രസ് കൊലപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ്വ സംഭവമാണത്. കൂത്തുപറമ്പിൽ ആറുപേരെ വെടിവച്ചുകൊന്നു. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. അതിനാൽ തന്നെ കോൺഗ്രസ് പ്രശ്നം ഉന്നയിക്കുന്നതിൽ എന്ത് ധാർമികതയാണുള്ളത്?
സിപിഎം എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കാറുള്ളൂ. ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. നേതാക്കളെയും സഖാക്കളെയും കൊന്ന പാരമ്പര്യം കോൺഗ്രസിനാണുള്ളത്. കോൺഗ്രസിനൊപ്പം നിന്ന് അക്രമങ്ങൾ സംഘടിപ്പിക്കുന്നവരാണ് ബിജെപി.
അടുത്ത വെള്ളിയാഴ്‌ച കേസിന്റെ പൂർണ വിധിവരും. അത് പരിശോധിച്ച് മാത്രമേ വിശദമായ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ. കേസിന്റെ തുടക്കം മുതൽ സിപിഎമ്മിനെതിരെ തിരിച്ചുവിടാൻ യുഡിഎഫും ബിജെപിയും പരിശ്രമിച്ചു. ആ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പറഞ്ഞ് വലിയ ശ്രമങ്ങളാണ് നടത്തിയത്. അതിന്റെ തുടർച്ചയാണ് സിപിഎമ്മിന്റെ ആറു നേതാക്കളെ കേസിലെ കുറ്റക്കാരെന്ന് വിധിച്ചത്. അവരെക്കുറിച്ച് നാട്ടിലെ ജനങ്ങൾക്കറിയാം.
സിപിഎം എംഎൽഎയായ കെ വി കുഞ്ഞിരാമനെ പോലെയുള്ള നേതാക്കളെ കേസിൽ ഉൾപ്പെടുത്തി രാഷ്ട്രീയമായി കേസിനെ മാറ്റിതീർക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് അന്നു ഞങ്ങൾ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ നിലപാട്.
കുഞ്ഞിരാമൻ നിരപരാധിയാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവർക്കും അറിയാം. അതിനാൽ നിയമപരമായ കാര്യങ്ങൾ ആലോചിച്ച് പാർട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും, പോരാട്ടം ശക്തമാക്കും. താഴെക്കിടയിലുള്ള കോടതിയാണ് നിരീക്ഷണം നടത്തിയത്. അത് അന്തിമവിധിയല്ല. അതിനുമേലെയും കോടതികളുണ്ട്.'- ഇ പി ജയരാജൻ വ്യക്തമാക്കി.