അപകീര്‍ത്തി കേസ്; അച്ചു ഉമ്മന്റെ പരാതി ലഭിച്ച ദിവസം തന്നെ നടപടി സ്വീകരിച്ചുവെന്ന് വനിതാ കമ്മിഷന്‍

Update: 2023-10-28 11:10 GMT

സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഇ-മെയില്‍ മുഖേന നല്‍കിയ പരാതി ലഭിച്ച ദിവസം തന്നെ തുടര്‍നടപടി സ്വീകരിച്ചിരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

2023 സെപ്റ്റംബര്‍ ഒന്നിനാണ് അച്ചു ഉമ്മന്റെ പരാതി ഇ-മെയിലായി വനിതാ കമ്മിഷന് ലഭിച്ചത്. അന്നു തന്നെ ഈ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നത്.

അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കൊണ്ട് കോട്ടയം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ കത്തിന്റെ പകര്‍പ്പ് അച്ചു ഉമ്മന് ഇ-മെയില്‍ മുഖേന സെപ്റ്റംബര്‍ ഒന്നിന് തന്നെ ലഭ്യമാക്കിയിരുന്നു എന്നും അഡ്വ. പി. സതീദേവി പറയുന്നു. ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നുള്ള വിവരം അച്ചു ഉമ്മന്റെ അറിവിലേക്കായി കത്തില്‍ രേഖപ്പെടുത്തിയിരുന്നു. 

അച്ചു ഉമ്മന്റെ പരാതിയെപ്പറ്റി കോട്ടയം ഡിവൈഎസ്പി അന്വേഷം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഈ വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 29ന് തിരുവനന്തപുരം പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27ന് ലഭിച്ച കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് അന്നു തന്നെ അച്ചു ഉമ്മന് ഇ-മെയിലായി ലഭ്യമാക്കിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചാണ്ടിയും കഴിഞ്ഞ മാസം പൊലീസിൽ പരാതി നൽകിയിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയകളിലൂടെ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ ആരോപണം.

സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിക്കുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചുള്ള സ്ക്രീൻ ഷോട്ടുകളും കമൻറുകളും സഹിതമാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. മരിച്ചിട്ടും തൻറെ പിതാവിനോടുള്ള ദേഷ്യം തീർക്കാനടക്കമാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു. 

Tags:    

Similar News