പാക്കിസ്ഥാനിൽ കറാച്ചി പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ഭീകരാക്രമണം. 2 പൊലീസ് ഉദ്യോഗസ്ഥരും 3 ഭീകരരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ നഗരത്തിലെ പൊലീസ് ആസ്ഥാനത്തു കടന്നുകയറിയ സായുധരായ 3 ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു സുരക്ഷാസേന വധിച്ചത്. പത്തിലേറെപ്പേർക്കു പരുക്കേറ്റു, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു.
മുഖ്യവളപ്പിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടത്തിയശേഷമാണു ഭീകരർ അഞ്ചുനിലയുള്ള കെട്ടിടസമുച്ചയത്തിൽ പ്രവേശിച്ചത്. ഭീകരരെ തുരത്താൻ അർധസൈനികവിഭാഗങ്ങളും കുതിച്ചെത്തി. പൊലീസ് മന്ദിരം തിരിച്ചുപിടിച്ചതായി സേന അറിയിച്ചു. ആക്രമണം നടക്കുമ്പോൾ മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിലുണ്ടായിരുന്നു.