തോക്ക് ചൂണ്ടി ഫാര്‍മസിയില്‍ നിന്നും മരുന്നുകൾ കവര്‍ന്നു; യുവാവ് പിടിയില്‍
ഫാര്‍മസിയില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി വയാഗ്രയും മറ്റ് മരുന്നുകളും തട്ടിയെടുത്ത് യുവാവ്. വിചിത്രമായ രീതിയില്‍ മരുന്നുകളുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ഒരു കുറിപ്പടി ഫാര്‍മസി ജീവനക്കാരന് നല്‍കിയ ശേഷം തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ഇയാള്‍ വയാഗ്രയും കുറിപ്പടിയിലെ മറ്റ് മരുന്നുകളും തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.
ഫ്ളോറിഡയിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറിഡ സ്വദേശിയായ തോമസ് മ്യൂസ് എന്ന 23 കാരനാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഫാര്‍മസിയിലെത്തിയ തോമസ് മ്യൂസ് ആദ്യം ഒരു വലിയ കുറിപ്പടി ഫാര്‍മസി ജീവനക്കാരന് നല്‍കുകയായിരുന്നെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇത് സായുധ കവര്‍ച്ചയാണ്' എന്ന് തുടങ്ങുന്ന കുറിപ്പടിയില്‍ വയാഗ്രയോടൊപ്പം എഴുതിയിരിക്കുന്ന മരുന്നുകള്‍ നല്‍കിയില്ലെങ്കില്‍ അവരെ വെടിവയ്ക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു ഭീഷിണി സന്ദേശവും ഉണ്ടായിരുന്നു. കുറിപ്പടി വായിച്ച് അമ്ബരന്ന ഫാര്‍മസി ജീവനക്കാരന് നേരെ ഇയാള്‍ തോക്ക് ചൂണ്ടുകയും മരുന്നുകള്‍ വേഗത്തില്‍ എടുത്ത് തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന് പോയ ജീവനക്കാരൻ ഉടൻതന്നെ മരുന്നുകള്‍ ഇയാള്‍ക്ക് കൈമാറി. തോമസ് മ്യൂസ് പെട്ടെന്ന് തന്നെ മരുന്നുകളുമായി അവിടെ നിന്നും കടന്നു കളഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഷിഞ്ഞ ചുരുട്ടിയ കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു, ' ഇതൊരു സായുധ കവര്‍ച്ചയാണ്, ദയവായി സഹകരിക്കുക. നിന്നെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരിഭ്രമം കാണിക്കരുത്, ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, അല്ലെങ്കില്‍, എന്‍റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന വ്യക്തിയെ ഞാൻ വെടിവയ്ക്കും.
" ഒര്‍ലാൻഡോ പോലീസിന്‍റെ സാമൂഹിക മാധ്യമ പോസ്റ്റ് അനുസരിച്ച്, സംശയാസ്പദമായ രീതിയില്‍ തോമസ് മ്യൂസ് കടയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് കണ്ട പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും മോഷ്ടിച്ച മരുന്നുകളും കുറിപ്പടിയും പിടിച്ചെടുത്തു. സെൻട്രല്‍ ഫ്ലോറിഡയില്‍ സമാനമായ മറ്റൊരു കവര്‍ച്ചയും താൻ നടത്തിയതായി തോമസ് മ്യൂസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.