ഗാസയിലേക്കുള്ള തുർക്കിയുടെ സഹായ വിതരണം തടഞ്ഞ് ഇസ്രയേൽ; കയറ്റുമതി നിർത്തി വച്ച് തുർക്കി

Update: 2024-04-09 09:51 GMT

ഗാസയിൽ ഭക്ഷ്യവസ്തുക്കളടക്കം എയർഡ്രോപ്പ് ചെയ്യാനുള്ള തുർക്കിയയുടെ ശ്രമം ഇസ്രായേൽ തടഞ്ഞു. ഇതിനുപിന്നാലെ ഇസ്രായേലിലേക്ക് കയറ്റുമതി നിരോധിച്ച് തുർക്കിയയുടെ തിരിച്ചടി. ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങി 54 വിഭാഗം ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമാണെന്ന് തുർക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചു. നിരോധനം ഉടൻ പ്രാബല്യത്തിൽ വരും.

ഗാസയിൽ എയർഡ്രോപ്പ് ചെയ്യാനുള്ള തങ്ങളുടെ ശ്രമം ഇസ്രായേൽ തടഞ്ഞതായി തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അധികം വൈകാതെ തന്നെ ഇതി​ന് പകരം വീട്ടുമെന്ന് അ​ദ്ദേഹം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്.

"ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ നഗ്നമായി ലംഘിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പ് അവഗണിക്കുകയും ചെയ്യുന്നു. ഇസ്രായേൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിലേക്ക് മാനുഷിക സഹായം തടസ്സം കൂടാതെ എത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നതുവരെ ഈ തീരുമാനം നിലനിൽക്കും’ -അദ്ദേഹം പറഞ്ഞു. ഇസ്രായേലും തുർക്കിയയും തമ്മിലുള്ള വർഷങ്ങൾ നീണ്ട ബന്ധം ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വഷളായിരുന്നു. തുർക്കിയ പ്രസിഡൻറ് ഉർദോഗൻ ഇസ്രായേലിനെ വംശഹത്യയിൽ ഏർപ്പെട്ട ഭീകര രാഷ്ട്രം എന്നാണ് വിശേഷിപ്പിച്ചത്.

Tags:    

Similar News