അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയ നിർമ്മാണത്തിന് 10 ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി
പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന ദേവാലയ നിർമ്മാണത്തിലേക്കായി 10 ലക്ഷം ദിർഹമാണ് (2.25 കോടി രൂപ) യൂസഫലി നൽകിയത്. മലങ്കര ഓർത്തഡോക്സ് സഭ ബ്രഹ്മാവർ ഭദ്രസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയിൽ നടന്ന ചടങ്ങിൽ വെച്ച് യൂസഫലിയിൽ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ എൽദോ എം. പോൾ, സഹവികാരി ഫാദർ മാത്യൂ ജോൺ, ദേവാലയ നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ ഇട്ടി പണിക്കർ, ഫിനാൻസ് കൺവീനർ ജോൺസൺ കാട്ടൂർ, ട്രസ്റ്റി റോയ് മോൻ ജോയ്, സെക്രട്ടറി ജോർജ്ജ് വർഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മതവിശ്വാസങ്ങളിപ്പെട്ടവർക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയുവാനുള്ള സാഹചര്യമാണ് യു.എ.ഇ. ഭരണാധികാരികൾ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു. ലോകത്തിൽ തന്നെ ആദ്യമായി സഹിഷ്ണതാ മന്ത്രലായമുള്ളത് യുഎ.ഇ.യിലാണ്. അബുദാബി നഗരഹൃദയത്തിലുള്ള മുസ്ലീം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരിട്ടത് (മറിയം ഉമ്മുല്‍ ഈസാ അഥവാ യേശുവിന്റെ മാതാവ് മറിയം മസ്ജിദ്) യു.എ.ഇ. പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇസ്‌ലാമിന്റെ ഇതരമതത്തോടുള്ള കാഴ്ചപ്പാടാണിതെന്നും യൂസഫലി പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യൂസഫലി നൽകി വരുന്ന സേവനങ്ങൾ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യപ്രവൃത്തികൾ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വർഷം മെയിൽ നിർമ്മാണം പൂർത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓർത്ത്ഡോക്സ് സഭയുടെ സ്നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നൽകി
യു.എ.ഇ. നിലവിൽ വരുന്നതിനു മുമ്പ് 1970 ആഗസ്തിൽ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തറക്കല്ലിട്ട് നിർമ്മിച്ച ദേവാലയമാണ് ഇപ്പോൾ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ദേവാലയത്തിൽ ആയിരത്തിലേറെ ആളുകൾക്ക് പ്രാർത്ഥനാ സൗകര്യമുണ്ട്.