ഒരാഴ്ചയായി മൂക്ക് വേദന, ആശുപത്രിയിലെത്തി 59കാരി; എക്‌സറേ കണ്ട് ഡോക്ടർമാർ ഞെട്ടി
മൂക്ക് വേദനയുമായി ആശുപത്രിയിലെത്തിയ 59കാരിയുടെ മൂക്കിൽ നിന്ന് പുറത്തെടുത്തത് നൂറുകണക്കിന് വിരകളെ. തായ്ലൻഡിലെ ചിയാംഗ് മായിലാണ് സംഭവം. ഒരാഴ്ചയായി സ്ത്രീക്ക് മുക്കിലും മുഖത്തും വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ അലർജിയാണെന്ന് കരുതി അവർ ചികിത്സ തേടിയിരുന്നില്ല. പിന്നാലെ മുക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയപ്പോഴാണ് നാക്കോൺപിംഗ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. അവിടെ ഡോക്ടർ പടീമോൻ തനാചൈഖൻ സ്ത്രീയുടെ എക്സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് നൂറുകണക്കിന് വിരകളെ കണ്ടെത്തിയത്.
വിരകളെ കണ്ടതോടെ വിശദമായ എൻഡോസ്‌കോപ്പി എടുത്ത് വിരകൾ മുക്കിനുള്ളിൽ ഉണ്ടെന്ന് ഉറപ്പാക്കി. ശേഷം അവയെ നീക്കം ചെയ്തു. ഇതോടെ വേദന മാറി സ്ത്രീയുടെ അവസ്ഥ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരം വിരകൾ കണ്ണിലോ തലച്ചോറിലോ മറ്റ് അവയവങ്ങളിലേക്കോ കുടിയേറിയിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. ചിയാംഗ് മായ പോലുള്ള തായ്ലൻഡിന്റെ വടക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക് അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാദ്ധ്യത കൂടുതലാണ്. ഇത് ഇത്തരം അനുബാധകളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും വിവരവും നകോൺപിംഗ് ഹോസ്പിറ്റൽ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.