കാലയളവിലല്ല കാര്യം, കഥാപാത്രങ്ങളിലാണെന്ന് സിനിമാതാരം ഹണി റോസ് !

ചലച്ചിത്രതാരം ഹണി റോസുമായി ശ്രേയ കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖം

Update: 2022-11-11 10:32 GMT


മലയാള സിനിമയിലെ ചോക്ലേറ്റ് നായിക, ഹണിറോസ്. അഭിനയത്തിന്റെ പതിനേഴു വര്‍ഷം പിന്നിടുന്നു. അഭിനേത്രിമാരുടെ കാര്യത്തില്‍ ചെറുതല്ലാത്ത നേട്ടമാണ് ഹണി സ്വന്തമാക്കിയത്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളിലില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി. മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീമിന്റെ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണെന്ന് താരം പറഞ്ഞിരുന്നു. സംരംഭക എന്ന നിലയിലും ഹണി തിളങ്ങുന്നു. ഹണിയുടെ വിശേഷങ്ങള്‍.

* കാലയളവല്ല, കഥാപാത്രങ്ങളിലാണ് കാര്യം

കാലയളവിലല്ല കാര്യം, കഥാപാത്രങ്ങളിലാണെന്ന് ഹണി റോസ് പറയുന്നു. ബോയ്ഫ്രണ്ട് മുതല്‍ ഇതുവരെയുള്ള കരിയറില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതു സന്തോഷമുള്ള കാര്യമാണ്. മനസിനിഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ്. വിജയവും പരാജയവും പിന്നീടുള്ള കാര്യങ്ങളാണ്. ഈ കാലയളവില്‍ വിവിധ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതു ഭാഗ്യമായി കരുതുന്നു. പിന്നെ, തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിക്കാന്‍ സാധിച്ചു എന്നുള്ളതും സന്തോഷം തരുന്നു.

ഒരുപാട് അവസരങ്ങള്‍ എന്നെത്തേടിയെത്തി. സിനിമയില്‍ നിലനില്‍ക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്നല്ലാതെ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. സിനിമയില്‍ എനിക്ക് ഒരുപരിധിയില്‍ കവിഞ്ഞുള്ള ബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ല. എല്ലാവരോടും ഒരു ഹായ് ബന്ധമേയുള്ളൂ. കംഫര്‍ട്ടബിളായ വേഷങ്ങള്‍ മാത്രമാണു തെരഞ്ഞെടുത്തിട്ടുള്ളു. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ സിനിമകളുടെ എണ്ണത്തില്‍ കുറവു വന്നേക്കാം. എങ്കിലും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാമെന്നുള്ളവര്‍ക്കൊപ്പമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. ചെയ്ത കഥാപാത്രങ്ങളില്‍ സന്തുഷ്ടയാണ്. പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നയാളാണ് ഞാന്‍. നല്ല കഥാപാത്രങ്ങള്‍ കിട്ടി. ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതൊക്കെതന്നെ വലിയ കാര്യമല്ലേ...


* ധ്വനിയും കരിയറും

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ കരിയറില്‍ ബ്രേക്ക് തന്ന കഥാപാത്രമാണ്. യൂണിക്കായൊരു കഥാപാത്രമായിരുന്നു ധ്വനി. അതുപോലൊരു കഥാപാത്രം ഇനി കിട്ടണമെന്നില്ല. വി.കെ. പ്രകാശ് എന്ന സംവിധായകന്റെയും അനൂപേട്ടന്‍ എന്ന തിരക്കഥാകൃത്തിന്റെയുമൊക്കെ കഴിവുകൊണ്ടാണ് അത്രയും മികച്ചൊരു കഥാപാത്രമുണ്ടായത്. എന്നാല്‍ കഴിയുംവിധം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് തോന്നുന്നത്. ആ കഥാപാത്രം ലഭിച്ചില്ലായിരുന്നെങ്കില്‍ എന്നു ചിന്തിക്കാറില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കിലോ. അങ്ങനെ പലതും ചിന്തിക്കേണ്ടി വരും.

ജീവിതത്തില്‍ ഒരിക്കലും രണ്ട് ഓപ്ഷനുകളില്ല, ഒന്നേയുള്ളൂ. ഒരു കാര്യം നടന്നാല്‍ അതു സംഭവിച്ചതാണ്. അതിനി ആര്‍ക്കും മാറ്റാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടെന്ത് കാര്യം? ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ സംഭവിക്കേണ്ടതായിരുന്നു, ബോയ്ഫ്രണ്ടും അങ്ങനെതന്നെ. അത്തരമൊരു കഥാപാത്രം ലഭിച്ചത് ദൈവാനുഗ്രഹമാണ്.


* ഇഷ്ടം ഫാഷന്‍ ഡിസൈിങ്

ഫാഷന്‍ ഡിസൈനിങ് ഇഷ്ടമായിരുന്നു. ചെറുപ്പം മുതല്‍ ചെറുതായി വരയ്ക്കുമായിരുന്നു. ഒരു ഓഫിസിലിരുന്ന് ഫയലുകള്‍ക്കിടിയല്‍ ജീവിക്കാന്‍ എനിക്കു പറ്റുമായിരുന്നില്ല. കലാപരമായ ജോലികളെന്തെങ്കിലും ചെയ്യാനായിരുന്നു താത്പര്യം. ഞാന്‍ ആഗഹിച്ചതിനുമപ്പുറം ക്രിയേറ്റിവായി വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്കു കിട്ടി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സിനിമയിലെത്തുന്നത്. അതിനുശേഷം സിനിമയില്‍ തുടരണമെന്നായിരുന്നു ആഗ്രഹം. ആ സിനിമ കഴിഞ്ഞപ്പോള്‍ ഞാനൊരു നടിയായി. ഇനിയും ഒരുപാടു നല്ല അവസരങ്ങള്‍ കിട്ടും. പെട്ടെന്നുതന്നെ വലിയൊരു സെലിബ്രിറ്റിയാകുമെന്നൊക്കെയാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ, നല്ല സിനിമകള്‍ക്കായി പിന്നെയും കാത്തിരിക്കേണ്ടി വന്നു. സിനിമ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് നല്ല സിനിമകള്‍ ചെയ്യണമെന്ന് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. പിന്നീട് അതിനുവേണ്ടി മാനസികമായി തയാറെടുത്തു. പ്രശ്‌നങ്ങളൊക്കെ മനസിലാക്കി തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു.


* അന്യഭാഷാ സിനിമകള്‍

ബോയ്ഫ്രണ്ട് കഴിഞ്ഞ് ഒരു തമിഴ് സിനിമയിലാണ് അഭിനയിച്ചത്. മലയാള ചലച്ചിത്രമേഖലയെക്കുറിച്ചു പോലും കാര്യമായ അറിവൊന്നുമില്ലാത്ത സമയത്താണ് തമിഴിലെത്തുന്നത്. തമിഴ് സിനിമയിലെ മാനേജര്‍മാര്‍ വഴിയാണവസരങ്ങള്‍ കിട്ടിയിരുന്നത്. നല്ല കഥാപാത്രമാണ്, നല്ല ടീമാണ് എന്നൊക്കെ അവര്‍ പറയുന്ന അറിവേ എനിക്കുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകളുമുണ്ടായി. മലയാളത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടശേഷം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ മതിയായിരുന്നു എന്നു പിന്നീടു തോന്നിയിട്ടുണ്ട്.


* കഥാപാത്രങ്ങളും തിരഞ്ഞെടുപ്പും

ഇന്‍ഡസ്ട്രിയില്‍ വന്നശേഷമാണ് ഞാന്‍ സിനിമയെന്താണെന്നറിയുന്നത്. അതുകൊണ്ടുതന്നെ കരിയറിന്റെ തുടക്കത്തില്‍ പല പാളിച്ചകളും സംഭവിച്ചു. ആ തെറ്റുകളൊക്കെ മനസിലാക്കി ഇപ്പോള്‍ സെലക്ടിവാകാറുണ്ട്. ചങ്ക്‌സിനുശേഷം ഒരുപാട് നല്ല ഓഫറുകള്‍ വന്നിരുന്നു. ആ സമയത്താണ് ഏറ്റവുമധികം അവസരങ്ങള്‍ വന്നതും. പക്ഷേ, കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് എനിക്കു തോന്നി. വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം. അതുകൊണ്ടാണ് ഇടയ്ക്കു ചെറിയ ഗ്യാപ് വരുന്നത്.


* ഇടവേളകള്‍

എന്റെ കരിയറില്‍ ഇടയ്ക്കിടെ ഇടവേളകളുണ്ടാകാറുണ്ട്. നാളെ നല്ല സിനിമകള്‍ തേടിയെത്തും എന്നു പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. ബോയ്ഫ്രണ്ട് കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ട്രിവാന്‍ഡ്രം ലോഡ്ജില്‍ അഭിനയിക്കുന്നത്. ഇതിനിടയില്‍ മലയാളത്തിലും അന്യഭാഷകളിലുമായി സിനിമകള്‍ ചെയ്തു. ചിലപ്പോള്‍ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കും. ഇതിനിടയില്‍ ചെറിയൊരു ഇടവേളയുണ്ടാകും. അതൊരു വലിയ പ്രശ്‌നമായൊന്നും തോന്നുന്നില്ല.


* കൃഷിയില്‍ താത്പര്യം

കൃഷി എനിക്കു ജീവനാണ്. വീടിനോടു ചേര്‍ന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിട്ടിച്ചുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത ചെടികള്‍ പോലും പലയിടങ്ങളില്‍ നിന്നായി കളക്ട് ചെയ്തിട്ടുണ്ട്. പുറത്തുനിന്നു ചെടികള്‍ കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള ചെടികളുടെ കളക്ഷനുള്ള ഒരുപാടുപേര്‍ കേരളത്തിലുണ്ട്. അവരെയൊക്കെ കണ്ടുപിടിച്ചു നല്ലയിനം തൈകള്‍ വാങ്ങാറുണ്ട്. അത്തിയുടെ പല വെറൈറ്റികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

യാത്രകള്‍ക്കിയില്‍ കാണുന്ന ചെടികളൊക്കെ ശ്രദ്ധിക്കാറുണ്ട്. കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോള്‍ വഴിയിലെവിടെയെങ്കിലും ഫഌര്‍ നഴ്‌സറികള്‍ കണ്ടാല്‍ അവിടെയിറങ്ങി ചെടികള്‍ നോക്കാറുണ്ട്. ഫാമിങ് രീതികളൊക്കെ ഓണ്‍ലൈനില്‍ നോക്കി മനസിലാക്കും. വീട്ടിലുണ്ടെങ്കില്‍ ചെടികളുടെ പരിചരണം ഞാന്‍ തന്നെയാണ് ചെയ്യുന്നത്. വീടിനു ചുറ്റും മുളകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ പലതരം പക്ഷികളുടെ കൂടുമുണ്ട്. വൈകുന്നേരങ്ങളില്‍ പക്ഷികളുടെ ശബ്ദം കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്.


* ബിസിനസ്

അച്ഛനും അമ്മയും ചേര്‍ന്ന് ആയുര്‍വേദ പ്രോഡക്ടുകളുടെ ബിസിനസ് നടത്തുന്നുണ്ടായിരുന്നു. പിന്നീട് ഞാനും ബിസിനസിന്റെ ഭാഗമായി. രാമച്ചം കൊണ്ടുള്ള കിടക്ക, തൈലം, ബ്രഷ് എന്നീ പ്രോഡക്ടുകളുണ്ട്. രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്‌ക്രബറിനാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ബിസിനസ് എന്നതിലുപരി സ്ത്രീകള്‍ക്കൊരു വരുമാനമാര്‍ഗം നല്‍കുക എന്നതാണു പ്രധാനം. സാധാരണ സ്ത്രീകള്‍ക്കൊരു വരുമാന മാര്‍ഗമാണിത്. നൂറിലധികം ചേച്ചിമാര്‍ ഇവിടെ ജോലി ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങളൊക്കെ പാലിച്ചാണു പ്രവര്‍ത്തനങ്ങള്‍.


* സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍

അച്ഛന്റെയും അമ്മയുടെയും ഏകമകളായി ജീവിക്കാനായിരുന്നു എനിക്കിഷ്ടം. സുഹൃത്തുക്കളൊക്കെ സഹോദരങ്ങളെക്കുറിച്ചു പറയുമ്പോഴും സങ്കടമൊന്നും തോന്നിയിട്ടില്ല. ഒറ്റ മകളായതില്‍ അന്നൊക്കെ സന്തോഷമേ ഉള്ളു. കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടുമല്ലോ.

സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. കാരണം ഞാന്‍ എവിടെപ്പോയാലും അച്ഛനോ അമ്മയോ ഒപ്പമുണ്ടായിരിക്കും. ആ കെയറിങ് ഷെയര്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എനിക്കു കുറച്ചുകൂടി ഫ്രീയായി നടക്കാമായിരുന്നു. കൂട്ടിനു മറ്റാരുമില്ലാത്തതുകൊണ്ടാവാം പേരന്റ്‌സാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. അവരാണ് എല്ലാ സമയത്തും എനിക്കൊപ്പമുള്ളത്. മാതാപിതാക്കള്‍ എന്നതിലുപരി സുഹൃത്തുക്കളോടുള്ള ഒരു അറ്റാച്ച്‌മെന്റ് എനിക്കവരോടുണ്ട്.


* സിനിമയും കോവിഡ് കാലവും

ലോക്ഡൗണ്‍ നാളുകള്‍ എനിക്ക് ഏറ്റവും നന്നായി ഉപകാരപ്പെട്ട ദിവസങ്ങളായിരുന്നു. വീട്ടിലെ ചെടികളൊക്കെ പരിപാലിക്കാനും ഫിറ്റ്‌നെസിനുവേണ്ടി സമയം കണ്ടെത്താനുമൊക്കെ സമയം കിട്ടി. തുടക്കത്തില്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിച്ചിരുന്ന ആളല്ല ഞാന്‍. ട്രിവാന്‍ഡ്രം ലോഡ്ജ് ഒക്കെ ചെയ്യുന്ന സമയത്ത് അത്യാവശ്യം തടിയുണ്ടായിരുന്നു. പിന്നീട് എനിക്കുതന്നെ തോന്നി വണ്ണം കുറച്ചു കൂടുതലാണെന്ന്. അങ്ങനെയാണ് ഫിറ്റ്‌നെസ് നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നത്. അതോടെ ഏകദേശം ഒന്നരമണിക്കൂറോളം വര്‍ക്കൗട്ടിന് വേണ്ടി മാറ്റിവച്ചു. ഒഴിവുസമയങ്ങളില്‍ വീട്ടില്‍ തന്നെയാണ്.


* പെണ്‍കുട്ടിയായതില്‍ അഭിമാനം

പെണ്‍കുട്ടിയായതില്‍ അഭിമാനിക്കുന്നു. ഒരിക്കല്‍പ്പോലും പെണ്‍കുട്ടിയായി ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടില്ല. ചില സാഹചര്യങ്ങളില്‍ ആണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാനുള്ള കരുത്തുമുണ്ടായിരുന്നു. എല്ലാ സ്ത്രീകളും അത്തരത്തില്‍ കരുത്തുള്ളവരാണ്.


* സൗന്ദര്യത്തിന്റെ രഹസ്യം

(ചിരിക്കുന്നു). പ്രത്യേക രഹസ്യങ്ങളൊന്നുമില്ല. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്, നിയന്ത്രണങ്ങളുമുണ്ട്. കുക്ക് ചെയ്യുന്നത് ഇഷ്ടമാണ്. രുചിയുള്ള ആഹാരം കഴിക്കുന്നതും ഇഷ്ടം. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണു കൂടുതല്‍ താത്പര്യം. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിക്കും. പിന്നെ, ധാരാളം വെള്ളം കുടിക്കും.

Similar News