ജഗതി സമം ജഗതി

ചലച്ചിത്ര താരം ജഗതിയെക്കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ.സി മധു എഴുതുന്ന ഓർമ്മക്കുറിപ്പുകൾ

Update: 2022-11-08 12:23 GMT


ജഗതി ശ്രീകുമാറിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് .അപ്പോൾ അദ്ദേഹം പരകായപ്രവേശം എന്ന വിശേഷാവസ്ഥയിലായിരുന്നു. അദ്ദേഹത്തിലൂടെ ഞാൻ കാണുന്നത് നിശ്ചൽ എന്ന ഫോട്ടോഗ്രാഫറെയാണ്. ജഗതിയെക്കുറിച്ചകുമ്പോൾ നിശ്ചലിൻ്റെ വേഷത്തിൽ എന്ന് മാത്രം പറഞ്ഞാൽ അത് പൂർണ്ണമാകുന്നില്ല. നിശ്ചൽ എന്ന ഇരഗതിയും പരഗതിയും ഇല്ലാത്ത ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആവാഹിച്ചു അഭിനയത്തിന്റെ അതീന്ദ്രിയ ഭാവത്തിലായിരുന്നു ജഗതി അപ്പോൾ.

നിശ്ചലിനെ നിങ്ങൾക്കുമറിയാം.പ്രിയദർശന്റെ ഗ്രാൻന്റ് സിനിമയായ 'കിലുക്കത്തിലെ' ജോജി(മോഹൻലാൽ)യുടെ സന്തത സഹചാരിയും സഹമുറിയനുമായ ഫോട്ടോഗ്രാഫർ കം ഗൈഡ്. ഉപജീവനാർത്ഥം സകല തരികിടകളിലും പട്ടം നേടിയിട്ടുള്ള ഉറ്റ സുഹൃത്തുക്കൾ.ഊട്ടിയാണ് അവരുടെ സ്ഥലരാശി.കൗതുക കാഴ്ചകൾക്കായി ഇതാണ് നിശ്ചലിന്റെ ടാഗ് ലൈൻ .ജഗതി ശ്രീകുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ കഥ പത്രങ്ങളിലൊന്നാണ് കിലുക്കത്തിലെ നിശ്ചൽ . ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപ് , അതായത് 91 ലാണ് ജഗതി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . 1951 ൽ ജനിച്ച ജഗതി 74 മുതൽ മലയാള സിനിമയിൽ സജീവമാണ്.

2012 ൽ സംഭവിച്ച ദാരുണമായ റോഡപകടത്തെ തുടർന്ന് അഭിനയജീവിതത്തിനു അർദ്ധ വിരാമം സംഭവിക്കുന്നത് വരെ ആയിരത്തിലേറെ ചിത്രങ്ങൾ പൂർത്തിയാക്കിയ അപൂർവ റെക്കോർഡും ജഗതിക്ക് മാത്രം സ്വന്തം.ഇരുപത്തിയേഴു വർഷങ്ങൾക്കിപ്പുറം ഞാനിപ്പോൾ വീണ്ടും ജഗതിയെ ഒരു പ്രത്യേകാവസ്ഥയിൽ കാണുകയാണ്. ഇതിനിടയിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നല്ല .ഇന്ദ്രിയങ്ങൾക്കതീതമായ ഏതോ ഒരു പ്രത്യേക മനസികാവസ്ഥയിലാണ് ഇപ്പോഴും ഞാൻ കാണുന്ന ജഗതി ശ്രീകുമാർ.സുഖമോ ദുഖമോ എന്നറിയില്ല. അദ്ദേഹത്തോടത് ചോദിച്ചറിയാനും കഴിയുന്നില്ല.നിരാലംബമായ ഇന്ദ്രിയങ്ങളുടെ വരുതികൾക്കപ്പുറം ഏതോ നിശ്ചലവും ശാന്തവുമായ അവസ്ഥ.

ഒരു ശ്രേഷ്ഠ കലാകാരനെന്ന നിലയിൽ അദ്ദേഹം അഭിനയത്തിന്റെ ഉന്മാദാവസ്ഥയുടെ ഗിരിശൃംഗങ്ങളിൽ എപ്പോഴൊക്കെയോ ശാന്തി അനുഭവിച്ച വ്യക്തിയാണ്.പക്ഷെ ഇപ്പോൾ അദ്ദേഹം ആർക്കു ലൈറ്റുകളുടെ വെളിച്ചത്തിൽ കഥാപാത്രത്തിലേക്ക് പരകായ പ്രവേശം നടത്തിയിരിക്കുകയല്ല. ജീവിതത്തിന്റെ വെള്ളി വെളിച്ചത്തിൽ ദിക്കറിയാതെ കണ്ണും നട്ട് പകച്ചിരിപ്പാണ് ..ശാന്തമാണോ ആ മനസ്സ് .അതോ അടിയാഴങ്ങൾ വരെ പ്രക്ഷുബ്ധമായ ഒരു മഹാസാഗരത്തിന്റെ ഉപരിതല ശാന്തി മാത്രമാണോ ഈ പ്രകട ഭാവം.ആർക്കും. ഒന്നിനും പിടികൊടുക്കാതെ ജഗതി ഇ പ്പോൾ തന്റെ മാത്രംമനോവ്യാപാരങ്ങളിൽ സഞ്ചരിക്കുകയാണ്, ഏകനായി,നിശബ്ദനായി,നിരാലംബനായി.

ജഗതി ശ്രീകുമാരെങ്കിലും പ്രിയപ്പെട്ടവർക്കൊക്കെ അദ്ദേഹം അമ്പിളിച്ചേട്ടനാണ്. സകലകാലാവല്ലഭനായ അദ്ദേഹത്തിൻറെ പിതാവ് ജഗതി നാരായണൻ കൃഷ്ണൻ ആചാരി തന്നെയാണ് കുഞ്ഞുന്നാളിൽ ശ്രീകുമാറിനെ അമ്പിളി എന്നോമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്.പിന്നീട് കുടുംബത്തിലെല്ലാവരും ആ വിളിപ്പേരിട്ടു വിളിച്ചു. വീട്ടുകാർക്കും അദ്ദേഹത്തോടേറ്റവും അടുപ്പമുള്ളവർക്കും അമ്പിളിയായി.

മലയാള സിനിമയിൽ സമാനതകളില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. 1975 മുതൽ 2012 വരെയുള്ള മുപ്പത്തി ഏഴു വർഷങ്ങൾ നമ്മുടെ സിനിമയിൽ നിറഞ്ഞാടിയ കലാകാരൻ.ജഗതി ശ്രീകുമാർ മലയാള സിനിമക്ക് അവിഭാജ്യ ഘടകം തന്നെയായിരുന്നു.ഇപ്പോൾ വർഷങ്ങളായി അദ്ദേഹം അഭിനയരംഗത്തുനിന്നു മാറി നില്ക്കാൻ നിർബന്ധിതനായിട്ട്. കാലത്തിന്റെ ഗതിവേഗത്തിൽ ഒരുപക്ഷെ നമുക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ കരുതിവെക്കാനാകാത്തത് സ്വാഭാവികം.ജഗതിയെക്കുറിച്ചുള്ള നമ്മുടെ ഓർമ്മകൾക്ക് മങ്ങലേൽക്കുകയാണോ.ഇന്നല്ലെങ്കിൽ നാളെ ഒരുപക്ഷേ അദ്ദേഹത്തിന് അരങ്ങിലേക്ക് മടങ്ങിയെത്തിയേക്കാനാകും.

എന്നാൽ ജീവിച്ചി രിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ഓർമ്മകളിൽ മാത്രമായി ജീവിക്കാൻ കഴിയുന്ന അപൂർവതയിലൂടെയാണ് ജഗതി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തെ നേരിൽ കാണാനും എന്തെങ്കിലും നല്ല നാലഞ്ച് വാക്കുകളിലൂടെ ആശ്വസിപ്പിക്കാനും കഴിയാത്ത അവസ്ഥ.ഏറെശ്രമിച്ചിട്ടാണ് തിരുവനന്തപുരം നഗര പ്രാന്തത്തിലുള്ള പേയാട് സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ വസതിയിലേക്ക് അടുത്തകാലത്തു പോകാനും അമ്പിളിച്ചേട്ടനെ നേരിൽ കാണാനും കഴിഞ്ഞത്.

                                                                                                                                                                                                                                                                                                              - തുടരും -

Similar News