കാര്യവട്ടം ക്യാമ്പസിനുള്ളിലെ അസ്ഥികൂടം: ഡ്രൈവിങ് ലൈസൻസ് കണ്ടെത്തി

Update: 2024-02-29 10:08 GMT

 കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഡ്രൈവിങ് ലൈസൻസ് കണ്ടെത്തി. തലശ്ശേരി സ്വദേശിയായ 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസൻസാണ് ലഭിച്ചത്. അസ്ഥികൂടം ഇയാളുടേതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടർ ടാങ്കിനുള്ളിൽനിന്ന് ഷർട്ടും പാൻറും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു. അസ്ഥികൂടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തും. വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാനാണ് തീരുമാനം.

ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാർട്ട്മെന്റിന് സമീപമുള്ള വാട്ടർ ടാങ്കിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങളായി ഉപയോഗിക്കാതിരുന്ന വാട്ടർ ടാങ്കിനുള്ളിലായിരുന്നു അസ്ഥികൂടം.

പൊലീസും ഫയർഫോഴ്സും ഫോറൻസിക്കും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. അസ്ഥികൂടത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ക്യാമ്പസിനുള്ളിലെ കുറ്റിക്കാട്ടിൽനിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു.

Tags:    

Similar News