അവധിക്കാലം ; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
അവധിക്കാലത്ത് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്ത് യാത്രക്കാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അധികൃതർ. അവധിക്കാല സീസണിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത് മുതലാക്കിയാണ് ഇത്തരക്കാർ യാത്രക്കാരെ വലയിലാക്കുന്നത്.
കഴിഞ്ഞ ദിവസം മലയാളിയടക്കം രണ്ടുപേർ വ്യത്യസ്ത സംഭവങ്ങളിൽ അറസ്റ്റിലായിരുന്നു. യഥാർഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റുകളിട്ടായിരുന്നു തട്ടിപ്പ്. കേസ് മുഹറഖ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. സമാനമായ മറ്റൊരു കേസിൽ ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് 39 കാരനായ ഏഷ്യക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. കുടുംബമായി യാത്ര ചെയ്യുന്നവരാണ് ഇത്തരക്കാരുടെ വലയിൽ എളുപ്പം വീഴുന്നത്.
നിലവിലുള്ള നിരക്കിന്റെ പകുതിയാണ് ഇവർ സമൂഹ മാധ്യമങ്ങളിലൂടെ ഓഫർ ചെയ്യുന്നത്. സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരും ഇവർ നൽകുന്ന ഓൺലൈൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വലയിൽ വീഴുകയാണ്. ഇവരിൽ നിന്ന് ഓൺലൈനായി പണം വാങ്ങിയശേഷം വ്യാജ ടിക്കറ്റ് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ടിക്കറ്റുമായി യാത്ര ചെയ്യാനൊരുങ്ങുമ്പോഴാണ് വ്യാജമാണെന്ന് അറിയുന്നത്.
ചിലപ്പോൾ ശരിയായ ടിക്കറ്റും നൽകാറുണ്ട്. എന്നാൽ, യാത്രക്കൊരുങ്ങുമ്പോൾ ഇവർ തന്നെ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങും. പാവം യാത്രക്കാരൻ വിമാനത്താവളത്തിലെത്തുമ്പോഴായിരിക്കും ടിക്കറ്റ് റദ്ദാക്കിയെന്ന് അറിയുന്നത്. ഇത്തരത്തിൽ നിരവധിപേർ തട്ടിപ്പിനിരകളാവുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്. ലൈസൻസുള്ള ഏജൻസികളിൽനിന്ന് മാത്രം ടിക്കറ്റെടുക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം സാമ്പത്തിക വിരുദ്ധ കുറ്റകൃത്യവിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ അബ്ദുല്ല മുന്നറിയിപ്പ് നൽകുന്നു.
‘പരിമിതമായ’ അല്ലെങ്കിൽ ‘ഒറ്റത്തവണ ഓഫർ മാത്രം’ എന്നൊക്കെ അവകാശപ്പെട്ടാണ് തട്ടിപ്പുകാർ കുറഞ്ഞ നിരക്കിൽ എയർലൈൻ ടിക്കറ്റുകളോ ഹോട്ടൽ ബുക്കിങ്ങുകളോ യാത്രാ പാക്കേജുകളോ വാഗ്ദാനം ചെയ്യുന്നത്. സാധാരണവും പ്രഫഷനലുമായി തോന്നുന്ന രീതിയിലായിരിക്കും ഇവരുടെ സംസാരം.