പൗരന്മാർക്കും പ്രവാസികൾക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്തുന്ന രീതിയിൽ ആരോഗ്യമേഖല നവീകരിക്കുകയാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. 2022ലെ സെൻസസ് പ്രകാരം 1,504,365 ജനസംഖ്യയുള്ള രാജ്യത്തിന്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യമേഖല സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 1,680 കിടക്കകളുണ്ട്. ഒമ്പത് ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. സർക്കാർ ആശുപത്രികളിൽ 745 ഡോക്ടർമാരും 3,132 നഴ്സുമാരും 549 സപ്പോർട്ട് മെഡിക്കൽ പ്രഫഷനലുകളും സേവനമനുഷ്ഠിക്കുന്നു. 27 ആരോഗ്യ കേന്ദ്രങ്ങളിലായി 1,814 പ്രഫഷനലുകളുമുണ്ട്. സർക്കാർ ആശുപത്രികളിൽ 1812 നഴ്സുമാർ ഉൾപ്പെടെ 2,035 വിദേശ ജീവനക്കാരുമുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിൽ 185 വിദേശ ആരോഗ്യ പ്രവർത്തകരാണുള്ളത്. ഒരു പതിറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ 10 വർഷത്തെ ദേശീയ ആരോഗ്യ തന്ത്രം (2016-2025) ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്തും. സമഗ്രവും ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ആരോഗ്യ സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
ഡോക്ടർമാരെ കാണാൻ രോഗികളുടെ കാത്തിരിപ്പ് സമയം 25 മുതൽ 55 മിനിറ്റ് വരെയാണ്. അതേസമയം, മരുന്നുകൾ കാലതാമസം കൂടാതെ നൽകാൻ കഴിയുന്നുണ്ട്. ഓരോ സന്ദർശകന്റെയും ശരാശരി കൺസൽട്ടേഷൻ സമയം എട്ടിൽനിന്ന് പത്ത് മിനിറ്റായി വർധിച്ചിട്ടുണ്ട്. ആദ്യമായി സന്ദർശിക്കുന്നവർക്ക് ഇത് 15 മിനിറ്റാണ്. പൊതു ശസ്ത്രക്രിയകൾക്കുള്ള കാത്തിരിപ്പ് കാലയളവ് മൂന്ന് മുതൽ ആറ് മാസം വരെയാണ്. എന്നാൽ, അടിയന്തര ശസ്ത്രക്രിയകൾ 24 മണിക്കൂറിനുള്ളിൽ നടത്തുന്നു. കഴിഞ്ഞ വർഷം 17,502 ശസ്ത്രക്രിയ നടത്തി. മുൻവർഷത്തെ അപേക്ഷിച്ച് 146 ശതമാനത്തിന്റെ വർധത്യാണ് ഇക്കാര്യത്തിലുള്ളത്. എക്സ്-റേകൾ ഒന്ന് മുതൽ നാല് ആഴ്ചവരെ എടുക്കും. അതേസമയം ലാബ് പരിശോധനകൾക്കായി കാത്തിരിക്കേണ്ടതില്ല. 1,000 ആളുകൾക്ക് മൂന്ന് ഡോക്ടർമാരുണ്ട്, ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. ചികിത്സ ഉപകരണങ്ങൾ സമയബന്ധിതമായി പുതുക്കുകയോ നവീകരിക്കുകയോ ചെയ്യുന്നുണ്ട്. അധിക ഉപകരണങ്ങൾ ഉള്ളതിനാൽ ഈ സമയപരിധിയിലൊന്നും സേവനം തടസ്സപ്പെടുന്നില്ല. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് അത്യാധുനിക ഉപകരണങ്ങൾ മന്ത്രാലയം സ്വന്തമാക്കുന്നുണ്ട്.