Headlines

ഗൂഗിളിനും ഓപ്പൺഎഐക്കും വെല്ലുവിളി: ആലിബാബയുടെ പുതിയ എഐ മോഡൽ ‘ക്യുവെൻ-3 മാക്‌സ്’ എത്തി

ചൈനീസ് ടെക് ഭീമനായ ആലിബാബ തങ്ങളുടെ ഏറ്റവും ശക്തവും നൂതനവുമായ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പുറത്തിറക്കി. ക്യുവെൻ-3 മാക്‌സ് (Qwen-3 Max) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ എഐ മോഡൽ, ഓപ്പൺഎഐയുടെ ജിപിടി-5, ഗൂഗിളിന്റെ ജെമിനി 2.5 പ്രോ, ക്ലോഡിന്റെ ഒപസ് 4 എന്നിവയുമായിട്ടാണ് പ്രധാനമായും മത്സരിക്കുന്നത്. ആലിബാബയുടെ ക്യുവെൻ സീരീസിലെ ആദ്യ മോഡലാണ് ക്യുവെൻ-3 മാക്‌സ്. ഒരു ട്രില്യണിലധികം പാരാമീറ്ററുകൾ അഥവാ വേരിയബിളുകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും ഇത് തങ്ങളുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ മോഡലാണെന്നും കമ്പനി അവകാശപ്പെടുന്നു. കോഡ് ജനറേഷനിലും ഓട്ടോണമസ് ഏജന്റ് കഴിവുകളിലുമാണ് ക്യുവെൻ-3 മാക്‌സ് പ്രത്യേക മികവ് കാണിക്കുന്നതെന്ന് ആലിബാബ ക്ലൗഡിലെ ചീഫ് ടെക്‌നോളജി ഓഫീസർ ഷൗ ജിൻഗ്രെൻ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.

ഓട്ടോണമസ് കഴിവുകൾ

ഓട്ടോണമസ് ഏജന്റ് കഴിവുകൾ എന്നതുകൊണ്ട് അർഥമാക്കുന്നത്, ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾക്ക് ആവശ്യമുള്ളതിനേക്കാൾ കുറഞ്ഞ മനുഷ്യ ഇടപെടൽ മാത്രമേ ഈ സിസ്റ്റത്തിന് ആവശ്യമുള്ളൂ എന്നാണ്. അതായത്, ഉപയോക്താവ് നൽകുന്ന ലക്ഷ്യത്തിലേക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനും ഈ എഐക്ക് കഴിയും.

കോഡിങ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എഐ മോഡലുകളുടെ കഴിവുകൾ അളക്കുന്ന ബെഞ്ച്മാർക്കുകളായ ടൗ2-ബെഞ്ച് പോലുള്ള മൂന്നാം കക്ഷി ബെഞ്ച്മാർക്കുകളിൽ ക്യുവെൻ-3 മാക്‌സ്, ആന്ത്രോപിക്‌സിന്റെ ക്ലോഡ്, ഡീപ്സീക്ക്-വി3.1 തുടങ്ങിയ എതിരാളികളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ആലിബാബ അറിയിച്ചു.

ലഭ്യതയും മറ്റ് ഉൽപ്പന്നങ്ങളും

ക്യുവെൻ-3 മാക്‌സ് മോഡൽ ക്യുവെൻ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ സൗജന്യമായി ലഭ്യമാണ്. നിലവിൽ iOS-ലോ ആൻഡ്രോയ്ഡിലോ ക്യുവെൻ ചാറ്റ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇത് ഡിഫോൾട്ട് മോഡലായി ലഭിക്കും.

പരമ്പരാഗത ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രവർത്തനങ്ങളിലും ആലിബാബ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ചൈനീസ് ടെക് സ്ഥാപനങ്ങൾക്കിടയിൽ എഐ വികസനത്തിനായുള്ള മത്സരം മുറുകുന്ന സാഹചര്യത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എഐയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ 380 ബില്യൺ യുവാൻ (ഏകദേശം $53.40 ബില്യൺ) നിക്ഷേപിക്കാൻ ഈ വർഷം ആദ്യം ആലിബാബ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

ക്യുവെൻ-3 മാക്‌സിനൊപ്പം സ്മാർട്ട് ഗ്ലാസുകൾ, ഇന്റലിജന്റ് കോക്ക്പിറ്റുകൾ തുടങ്ങിയ ഓഗ്മെന്റഡ് റിയാലിറ്റി (AR) ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ക്യുവെൻ-3 ഓംനി ഉൾപ്പെടെ നിരവധി എഐ ഉൽപ്പന്നങ്ങളും കഴിഞ്ഞ ദിവസം ആലിബാബ പുറത്തിറക്കി. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ക്യുവെൻ 3 മോഡലിന്റെ ഏറ്റവും വലിയ മുന്നേറ്റമായാണ് ക്യുവെൻ-3 മാക്‌സിനെ കമ്പനി ഇപ്പോൾ കണക്കാക്കുന്നത്.

Leave a Reply