Headlines

വർഗവഞ്ചക എന്ന് വിളിക്കുന്നവർ സരിനെയും ശോഭനയെയും ഓർക്കണം; വിമർശനങ്ങൾക്ക് മറുപടിയുമായി ഐഷ പോറ്റി

സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ‘വർഗവഞ്ചക’ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി. തന്നെ വർഗവഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടികളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ പി. സരിന്റെയും ശോഭന ജോർജിന്റെയും കാര്യം ഓർക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. കൂടുതൽ സ്വാതന്ത്ര്യത്തോടെ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കേരള പ്രദേശ് ഗാന്ധിദർശൻ വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഐഷ പോറ്റി വ്യക്തമാക്കി.

തനിക്ക് എല്ലാ സ്ഥാനമാനങ്ങളും നൽകിയത് പാർട്ടിയാണെന്ന് പറയുന്ന സിപിഎം നേതാക്കൾ, ആ പാർട്ടി ഇന്ന് പഴയതുപോലെയല്ലെന്ന് മനസ്സിലാക്കണമെന്നും അവർ തുറന്നടിച്ചു. സ്ഥാനങ്ങൾ തന്നാൽ മാത്രം പോരെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ മാത്രമേ നല്ല അഭിപ്രായം നേടിയെടുക്കാൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടുകാലം സിപിഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി, കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

ഐഷ പോറ്റിയുടെ പാർട്ടി മാറ്റത്തെ കടുത്ത ഭാഷയിലാണ് സിപിഎം നേതാക്കൾ വിമർശിച്ചത്. ഐഷ പോറ്റി കാണിച്ചത് വർഗവഞ്ചനയാണെന്നും സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് ഇതെന്നും മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തിയിരുന്നു. ഐഷ പോറ്റി തെറ്റായ വഴിയിലാണെന്നും വർഗവഞ്ചകയാണെന്നും മുൻ മന്ത്രി തോമസ് ഐസകും, വഞ്ചനാപരമായ സമീപനമാണ് അവരുടേതെന്ന് മന്ത്രി വി.എൻ വാസവനും പ്രതികരിച്ചിരുന്നു. ഈ വിമർശനങ്ങൾ നിലനിൽക്കെയാണ് സരിന്റെയും ശോഭന ജോർജിന്റെയും ഉദാഹരണങ്ങൾ നിരത്തി ഐഷ പോറ്റി തിരിച്ചടിച്ചത്. കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഐഷ പോറ്റി, സിപിഎമ്മിന്റെ കരുത്തയായ വനിതാ നേതാക്കളിൽ ഒരാളായിരുന്നു.

Leave a Reply