Headlines

എയർ ഇന്ത്യയും ഇൻഡിഗോയും കാഠ്മണ്ഡുവിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ചു; കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ മുൻഗണന

നേപ്പാളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ, എയർ ഇന്ത്യയും ഇൻഡിഗോയും കാഠ്മണ്ഡുവിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നു. പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി നിർത്തിവെച്ച വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നിലവിൽ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് വിമാനക്കമ്പനികൾ മുൻഗണന നൽകുന്നത്.

ഇന്ത്യൻ വിമാന സർവീസുകളായ എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. എന്നാൽ, സൈന്യം സുരക്ഷ ഏറ്റെടുത്തതോടെ കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം ഇന്നലെ വൈകുന്നേരം തുറന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണ് അധിക സർവീസുകൾ നടത്താൻ എയർ ഇന്ത്യയും ഇൻഡിഗോയും തീരുമാനിച്ചത്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് ഇന്നും നാളെയും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സെപ്റ്റംബർ 17 വരെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് യാത്രാ തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നേടാനോ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പ്രത്യേക നിരക്ക് ഈടാക്കുന്നതല്ലെന്നും എയർലൈൻ വ്യക്തമാക്കി.

അതിനിടെ, യുവജന പ്രക്ഷോഭത്തെ തുടർന്ന് കലുഷിതമായ നേപ്പാളിൽ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്. പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവെച്ചതിനെ തുടർന്ന് സൈന്യം രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തിരുന്നു. പ്രക്ഷോഭകാരികളുമായി സൈനിക മേധാവി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇടക്കാല സർക്കാരിനെ നയിക്കാൻ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply