Headlines

‘ഉയരക്കൂടുതലാണ് തരൂരിന്റെ പ്രശ്നം’, മലയാളികൾ ആകാശം കാണാതെ ജീവിക്കുന്നവർ; അടൂർ ഗോപാലകൃഷ്ണൻ

കോൺഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തരൂരിനെ ഉൾക്കൊള്ളാൻ പലർക്കും വിഷമമാണെന്നും ഇതിനുളള കാരണങ്ങളിൽ ഒന്ന് തരൂരിന്റെ ഉയരമാണ് എന്നും അടൂർ പറഞ്ഞു. പി കേശവദേവ് സ്മാരക ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.

ശശി തരൂരിന് ശരാശരി മലയാളിയെക്കാൾ ‘പൊക്കം’ കൂടുതലാണ്. അതാണ് അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന്. പലർക്കും തരൂരിനെ ഉൾക്കൊള്ളാൻ വിഷമമാണ്. എന്ത് പൊങ്ങിവന്നാലും വെട്ടിനിരത്തുന്ന രീതി മലയാളികളുടെ ജനിതകത്തിലുള്ളതാണ്. ആകാശം കാണാതെ ജീവിക്കുന്നവരാണ് മലയാളികൾ. അതാണ് ഈ മനോഭാവത്തിന് കാരണമെന്ന് വിശ്വസിക്കുന്നയാളാണ് താൻ. വിശാലമായ ആകാശം കാണണമെങ്കിൽ തക്കല കഴിഞ്ഞ് കന്യാകുമാരിയിലെത്തണം. ഭൂമിശാസ്ത്രപരമായ ഈ കാരണം കൊണ്ടാകാം, എല്ലാ മിടുക്കുമുണ്ടായിട്ടും മലയാളികൾ ശരാശരിക്കാരായ വ്യക്തികളെയും പ്രവർത്തനങ്ങളെയും മാത്രം അംഗീകരിക്കാൻ ശീലിച്ചത്. ആരു വിചാരിച്ചാലും തരൂരിന്റെ പൊക്കം കുറയ്ക്കാൻ സാധിക്കില്ല. എന്നായിരുന്നു അടൂരിന്റെ വാക്കുകൾ. തരൂരിന്റെ പുസ്തകൾ, എഴുത്ത് എന്നിവയെയും അടൂർ പ്രസംഗത്തിൽ അനുമോദിച്ചു.

രാഷ്ട്രീയത്തിലായാലും പൊതുജീവിതത്തിലായാലും രണ്ടു കൈയും നീട്ടി ശശി തരൂരിനെ മലയാളികൾ സ്വീകരിക്കാൻ തയ്യാറാകണം എന്നും അടൂർ പ്രതികരിച്ചു. തരൂരിനെ 50 വർഷമായി അറിയാം. മനസ്സിൽ എന്നും അദ്ദേഹം ഒരു മലയാളിയാണ്. മലയാളത്തെ സ്നേഹിക്കുന്നയാളാണ്. മലയാളി അദ്ദേഹത്തെ സ്വീകരിക്കണം എന്നും അടൂർ പറഞ്ഞു. ‘വൈ ഐ ആം ഹിന്ദു’, ‘ദി ബാറ്റിൽ ഫ് ബിലോങിങ്’ തുടങ്ങിയ പുസ്തകങ്ങളെ മുൻനിർത്തിയാണ് ശശി തരൂർ കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്. 50000 രൂപയും ബിഡി ദത്തൻ രൂപകല്പനചെയ്ത ശിൽപവുമടങ്ങിയതാണ് പുരസ്‌കാരം. ആരോഗ്യമേഖലക്കുള്ള പി. കേശവദേവ് ഡയബ്സ് സ്‌ക്രീൻ പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ. ബൻഷി സാബുവിന് സമ്മാനിച്ചു.

Leave a Reply