നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബി.എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവരെ പിടികൂടിയത്.
ഫേസ്ബുക്ക് പേജുകളിലൂടെ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ വീഡിയോ അപ്‌ലോഡ് ചെയ്തവരാണ് അറസ്റ്റിലായവർ. വിചാരണാ കാലയളവിൽ മാർട്ടിൻ ജാമ്യത്തിലിറങ്ങിയപ്പോൾ ചിത്രീകരിച്ച ഈ വീഡിയോ, കേസിൽ വിധി വന്നതിന് പിന്നാലെ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. 200-ലേറെ സൈറ്റുകളിൽ നിന്ന് ഈ വീഡിയോയുടെ ലിങ്കുകൾ പോലീസ് കണ്ടെത്തി നശിപ്പിച്ചു.
എട്ടാം പ്രതി ദിലീപിനെ ന്യായീകരിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. കേസിൽ മാർട്ടിന് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. അതേസമയം, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

