Headlines

പരാതിക്കാരി മകളെ പോലെ, എത്രവലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും; യുവനേതാവിനെ കൈവിട്ട് വി.ഡി. സതീശൻ

കോൺഗ്രസ് യുവനേതാവിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്രവലിയ നേതാവാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി നടപടി സ്വീകരിക്കുമെന്നും, പരാതിക്കാരിയായ യുവതി തനിക്ക് സ്വന്തം മകളെപ്പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവനേതാവിനെതിരായ ആരോപണം അതീവ ഗൗരവതരമാണ്. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സാധ്യതയില്ല. പരാതി പാർട്ടി വിശദമായി പരിശോധിച്ച് നടപടിക്ക് മുൻകൈയെടുക്കുമെന്നും സതീശൻ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ അതൃപ്തിയുണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനോട് രാജിവെക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതായും പകരം അബിൻ വർക്കിയെ അധ്യക്ഷനാക്കാൻ ആലോചിക്കുന്നതായും വാർത്തകളുണ്ട്. യുവനടി റിനി ആൻ ജോർജ് ചൊവ്വാഴ്ചയാണ് യുവനേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും, ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും ഇത് തുടർന്നുവെന്നും അവർ വെളിപ്പെടുത്തി. തുടർന്ന്, എഴുത്തുകാരി ഹണി ഭാസ്‌കറും രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് വിഷയം കൂടുതൽ വിവാദമായത്. ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പോലും രാഹുലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം, താൻ കാരണമാണ് യുവനേതാവിനെതിരായ ആരോപണങ്ങൾ വാർത്തയായതെന്ന തരത്തിലുള്ള ചില മാധ്യമങ്ങളുടെ ശ്രമങ്ങളെ സതീശൻ തള്ളിപ്പറഞ്ഞു.

Leave a Reply