തൃശ്ശൂർ കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.15-ഓടെ കുന്നംകുളം നഗരമധ്യത്തിലാണ് അപകടം നടന്നത്. മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ കോഴിക്കോട് – തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കുന്നംകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആരുടെയും പരിക്ക് ഗുരുതരമല്ല എന്നത് ആശ്വാസകരമാണ്. അപകടത്തെത്തുടർന്ന് കോഴിക്കോട് – തൃശൂർ പാതയിൽ ഏറെ നേരം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

