Headlines

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഫെബ്രുവരി 1ന്, ഒരു വർഷം നീണ്ട് നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും

പ്രവാസികളു‌ടെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകുന്ന അബുദാബി ഇന്ത്യൻ സ്കൂൾ ഗോൾഡൻ ജൂബിലി നിറവിൽ. 50 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഫെബ്രുവരി 1ന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബുദാബി ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ​ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാട‌നം നിർവ്വഹിക്കും.

1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കു‌ട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ്വ വിദ്യാർത്ഥികൾ. അക്കാദമിക് രം​ഗത്ത് മികവ് പുലർത്തുന്ന യുഎഇയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബുദാബി ഇന്ത്യൻ സ്കൂൾ. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്റെ പ്രവർത്തനം.

ഫെബ്രുവരി 1ന് വൈകിട്ട് നാല് മുതൽ ആറ് വരെ അബുദാബി ഇന്ത്യൻ സ്കൂൾ ക്യാംപസിൽ നടക്കുന്ന ​ഗോൾഡൻ ജൂബിലി ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സാമൂഹിക രം​ഗത്തെ പ്രമുഖർ ഉൾപ്പടെ പങ്കെടുക്കുമെന്ന് വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി അറിയിച്ചു. എഡ്യൂക്കേഷൻ ഹെഡ് ഷബീർ എം.എം., പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. അബുദാബിയുടെ വിദ്യാഭ്യാസ മേഖലയുടെ മുഖമായി മാറാനും, ലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചമേകാനും അവസരമേകാനായി സ്കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എല്ലാവിധ പിന്തുണയും നൽകുന്ന നിലവിലെ ഭരണനേതൃത്വത്തിനും സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

Leave a Reply