യുഎഇയിൽ ഔദ്യോഗിക ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയും കുറഞ്ഞത് 2,00,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും ചുമത്താനാണ് തീരുമാനം. വ്യാജ ചാരിറ്റി കാമ്പെയ്‌നുകൾ തടയുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണ് അധികൃതർ ഈ നടപടി കടുപ്പിച്ചത്.
റമദാൻ മാസത്തോടനുബന്ധിച്ച് ഓൺലൈൻ വഴിയുള്ള യാചനയും വ്യാജ പണപ്പിരിവുകളും വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയ വഴിയോ അപരിചിതമായ വെബ് ലിങ്കുകൾ വഴിയോ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വിശ്വസിച്ച് പണം നൽകരുത്. സംഭാവനകൾ നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട സംഘടനകൾക്ക് സർക്കാർ അംഗീകാരമുണ്ടോ എന്ന് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഉറപ്പുവരുത്തണം. സർക്കാർ അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം സഹായങ്ങൾ കൈമാറാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
സംശയാസ്പദമായ രീതിയിൽ പണപ്പിരിവ് നടത്തുന്നവരെയോ അല്ലെങ്കിൽ നിയമവിരുദ്ധമായ കാമ്പയിനുകളെയോ കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കേണ്ടതാണ്.

