അബുദാബിയിൽ കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയ മുൻ ജീവനക്കാരൻ 50,000 ദിർഹം (ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. തന്റെ ഔദ്യോഗിക ഇമെയിൽ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്ന കമ്പനിയുടെ പരാതിയെ തുടർന്നാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഈ നടപടി.
നിയമന സമയത്ത് തന്നെ ജീവനക്കാരൻ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടില്ലെന്ന് കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ, കമ്പനി നൽകിയ ഔദ്യോഗിക ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് ഇയാൾ രഹസ്യരേഖകളും വിവരങ്ങളും അനധികൃതമായി ചോർത്തി. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ ഡാറ്റ ചോർത്തിയതിന്റെ വ്യക്തമായ തെളിവുകൾ കണ്ടെത്തുകയായിരുന്നു.
ഒരു ഫോറൻസിക് ടെക്നോളജി റിപ്പോർട്ട്, ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ അയച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് കമ്പനി ഇയാൾക്കെതിരെ ക്രിമിനൽ പരാതി നൽകി. അബുദാബി ക്രിമിനൽ കോടതി ജീവനക്കാരനെ കുറ്റക്കാരനായി കണ്ടെത്തുകയും 30,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും ശരിവെച്ചു.
സിവിൽ കേസിൽ, കമ്പനി 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കമ്പനിക്കുണ്ടായ ഭൗതികവും ധാർമികവും പ്രശസ്തിക്ക് സംഭവിച്ചതുമായ എല്ലാ നഷ്ടങ്ങളും പരിഗണിച്ച്, മുൻ ജീവനക്കാരൻ 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
നിയമപരമായ മുന്നറിയിപ്പ്
‘നിയമലംഘനങ്ങൾക്ക് യുഎഇയിൽ കർശന ശിക്ഷകൾ ലഭിക്കുമെന്ന് ഈ കേസ് ഓർമിപ്പിക്കുന്നു. ജോലിസ്ഥലത്തെ രഹസ്യവിവരങ്ങൾ സംരക്ഷിക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്,’ കോടതി വിധി പ്രസ്താവനയിൽ അബൂദബി ജുഡീഷ്യൽ വകുപ്പ് വ്യക്തമാക്കി. കമ്പനികൾ തങ്ങളുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ഈ വിധി പ്രേരണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.’

