Headlines

അതാണ് വിജയമെങ്കിൽ നിങ്ങളത് ആസ്വദിച്ചോളൂ; യുഎന്നിൽ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ മഹത്വപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയുമാണെന്ന് യുഎന്നിലെ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗലോട്ട് പറഞ്ഞു. ഷെരീഫിന്റെ പ്രസ്താവനകൾ അസംബന്ധ പരാമർശങ്ങളാണെന്നും പാകിസ്ഥാൻ ഒരിക്കൽക്കൂടി വികലമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

എത്ര നുണകൾ ആവർത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് ഗെലോട്ട് പറഞ്ഞു. ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികളെ പാക് ഭീകരർ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരർക്ക് എന്നും അഭയസ്ഥാനമാണ് പാകിസ്ഥാൻ. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിൻലാദന് അഭയം നൽകിയത്. പാകിസ്ഥാനിൽ ഭീകരവാദ ക്യാംപുകൾ നടത്തുന്നതായി മന്ത്രിമാർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റൽ ഗെലോട്ട് പറഞ്ഞു.

പാക് ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ മെയ് ഒൻപതുവരെ ഇന്ത്യക്കെതിരെ കൂടുതൽ ആക്രമണം നടത്തുമെന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി. എന്നാൽ മെയ് പത്തിന് വെടിനിർത്തലിന് പാകിസ്ഥാൻ അഭ്യർഥിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അതിന്റെ തെളിവുകൾ ലഭ്യമാണ്. അത് വിജയമാണെന്ന് പാകിസ്ഥാന് തോന്നുണ്ടെങ്കിൽ ആ വിജയം ആസ്വദിക്കാൻ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

സിന്ധു നദീജല കരാർ ഏകപക്ഷീയമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നു ഷഹബാസ് യുഎന്നിൽ പറഞ്ഞു. പാകിസ്ഥാനിലെ ജനങ്ങൾക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിന്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.

യുഎൻ സമ്മേളനത്തിനെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്ന ‘സമാധാനത്തിന്റെ വക്താവാണ്’ ട്രംപ് എന്നു വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷവും അദ്ദേഹം പരിഹരിച്ചുവെന്ന് പുകഴ്ത്തി.

Leave a Reply