ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പാക് പേസർ ഹാരിസ് റൗഫുമായി ഗ്രൗണ്ടിൽ നടന്ന വാക് പോരിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും. മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ, പാകിസ്ഥാൻ താരങ്ങളുടെ അനാവശ്യ പ്രകോപനമാണ് തനിക്ക് തകർത്തടിക്കാൻ പ്രചോദനമായതെന്ന് ‘മാൻ ഓഫ് ദ മാച്ച്’ ആയ അഭിഷേക് ശർമ്മ പറഞ്ഞു.
ആദ്യ പന്തിൽ തന്നെ സിക്‌സറടിക്കാൻ ശ്രമിച്ചത് ടീമിന്റെ പിന്തുണകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അനാവശ്യമായി അവർ പ്രകോപിപ്പിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഞാൻ തിരിച്ചടിച്ചത്,’ അഭിഷേക് പറഞ്ഞു. സ്‌കൂൾ കാലം മുതൽ ഒരുമിച്ച് കളിക്കുന്നവരാണ് താനും ഗില്ലുമെന്ന് പറഞ്ഞ അഭിഷേക്, ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് താൻ ആസ്വദിക്കുന്നതായും കൂട്ടിച്ചേർത്തു. ‘ഞാനും ഗില്ലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ബാറ്റിങ്ങിനിറങ്ങുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ആത്മവിശ്വാസമുണ്ടായിരുന്നു. എന്നെപ്പോലെ ഗില്ലും തിരിച്ചടിച്ചത് സന്തോഷം നൽകി,’ അഭിഷേക് പറഞ്ഞു.
മത്സരശേഷം അഭിഷേക് തന്റെ എക്‌സ് അക്കൗണ്ടിൽ ‘നിങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുക, ഞങ്ങൾ ജയിച്ചുകൊണ്ടേയിരിക്കാം’ എന്ന് കുറിച്ചു. ‘വാക്കുകൾ കൊണ്ടല്ല, കളി കൊണ്ടാണ് മറുപടി നൽകേണ്ടത്,’ എന്നായിരുന്നു ശുഭ്മാൻ ഗില്ലിന്റെ എക്‌സ് പോസ്റ്റ്.
മത്സരത്തിൽ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും തകർപ്പൻ പ്രകടനം നടത്തുന്നതിനിടെയാണ് ഹാരിസ് റൗഫ് നോൺ-സ്‌ട്രൈക്കറായിരുന്ന അഭിഷേകിനോട് തട്ടിക്കയറിയത്. റൗഫിന്റെ പ്രകോപനത്തിന് അഭിഷേക് മറുപടി നൽകിയതോടെ അമ്പയർമാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ഇതിനിടയിൽ ശുഭ്മാൻ ഗില്ലും റൗഫിനോട് എന്തോ പറഞ്ഞിരുന്നു. ഈ മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

