Headlines

പ്രവാസികൾക്ക് മാത്രമായി പോലീസ് സ്റ്റേഷൻ ; കേരളത്തിലെമ്പാടുമുള്ള കേസുകൾ അന്വേഷിക്കും

പ്രവാസികള്‍ക്ക് വേണ്ടി മാത്രം സംസ്ഥാനത്ത് പോലീസ് സ്റ്റേഷന്‍ വരുന്നു. സംസ്ഥാനമെമ്പാടുമുള്ള കേസുകള്‍ അന്വേഷിക്കും. പ്രവാസികളുടെ പരാതികളില്‍ കേസെടുത്തു അന്വേഷിക്കാന്‍ നോര്‍ക്ക പോലീസ് സ്റ്റേഷനാണ് വരുന്നത്. പോലീസ് ആസ്ഥാനത്ത് അമ്പതംഗ സേനയുമായാണ് തുടങ്ങുന്നത്. ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശയില്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിടുമെന്നാണ് വിവരം.

പ്രവാസികള്‍ക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പഞ്ചാബിന്റെ മാതൃകയിലാണ് പോലീസ് സ്റ്റേഷന്‍ വരുന്നത്. പ്രവാസികളില്‍ നിന്ന് വര്‍ഷത്തില്‍ 8000 കേസുകളോളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കാന്‍സംസ്ഥാന സര്‍ക്കാര്‍ ഹൈപവര്‍ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ അംഗങ്ങളായ ഹൈപവര്‍ കമ്മറ്റി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ പ്രവാസികള്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങളില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഓസ്ട്രിയയിലും ജര്‍മനിയിലും ഭാഷാ പ്രാവീണ്യത്തിനായുള്ള A1, A2, B1, B2 മോഡ്യൂളിന്റെ വ്യാജ സര്‍ട്ടിക്കറ്റുകള്‍, വ്യാജ റിക്രൂട്ട്മെന്റ് എന്നിവ വ്യാപകമായിട്ടുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. 2024 ല്‍ മാത്രം ഈ ഗണത്തില്‍ 1300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തും. ഇതിന് പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതുതായി സ്ഥാപിക്കുന്ന നോര്‍ക്ക പോലീസ് സ്റ്റേഷന്‍. നോര്‍ക്ക പോലീസ് സ്റ്റേഷനില്‍ ഏത് പ്രവാസിക്കും നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply