Headlines

സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് ; എട്ടാം കിരീടം തേടി കേരളം

ഇതുവരെ ഏഴ് തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയിട്ടുള്ള കേരളവും സര്‍വീസസും ഇന്ന് വീണ്ടും പുതിയൊരു കിരീടത്തിനായി ഇറങ്ങുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ 79-ാം പതിപ്പിന്റെ കലാശപ്പൂരമാണിന്ന്. ആസാമിലെ ധകുവാഖാനയില്‍ നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് ഒന്നിന് ആരംഭിക്കും.

കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയ കേരളം ഇക്കുറി വമ്പന്‍ കുതിപ്പോടെയാണ് വീണ്ടും ഫൈനലിലെത്തിയിരിക്കുന്നത്. ഏക അപവാദം ഫൈനല്‍സിലെ ആദ്യ റൗണ്ടില്‍ സര്‍വീസസിനോടേറ്റ പരാജയമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ തോല്‍വി. അന്നത്തെ ആ വിജയത്തിന്റെ ചുവടുപിടിച്ചാണ് സര്‍വീസസ് ഫൈനല്‍ വരെ മുന്നേറിയത്. ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്തായിരുന്ന മേഘാലയയുമായി തുല്യപോയിന്റിലായപ്പോള്‍ ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് സര്‍വീസ് കടന്നുകൂടിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ ബംഗാളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അന്തിമ നാലില്‍ കടന്നു. സെമിയില്‍ റെയില്‍വേസിനെ 2-0ന് മറികടന്ന് ഫൈനലിലേക്കും.

ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. ആസാമിനെ 3-0ന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച കേരളം സെമിയില്‍ പഞ്ചാബിനെ 4-0ന് തകര്‍ത്ത് തീര്‍ത്തും ആധികാരികമായാണ് ഫൈനലിനൊരുങ്ങിയത്. പ്രാഥമിക ഘട്ടത്തില്‍ ഗോവ, കര്‍ണാടക, ലക്ഷദ്വീപ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എച്ചില്‍ നിന്നാണ് കേരളം ഫൈനല്‍സിലേക്ക് യോഗ്യത നേടിയത്. ഇതിന് മുമ്പ് കേരളം സന്തോഷ് ട്രോഫി ജേതാക്കളായത് 2021-22ലാണ്. അന്ന് ഫൈനല്‍സ് മത്സരങ്ങള്‍ നടന്നത് കേരളത്തിലായിരുന്നു.

Leave a Reply