രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിൽ നടി പ്രത്യുഷയുടെ മരണത്തിൽ അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. തെന്നിന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുലച്ച മരണമായിരുന്നു പ്രത്യുഷയുടേത്. 2002 ൽ നടന്ന പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി ശരി വച്ചു.കൊലപാതകം, ബലാത്സംഗം എന്നീ വാദങ്ങൾ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞു. ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ പ്രധാന പ്രതിയും അന്ന് പ്രത്യുഷയുടെ കാമുകനുമായിരുന്ന ഗുഡിപള്ളി സിദ്ധാർഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർഥ് നൽകിയ അപ്പീലും മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പ്രത്യുഷയുടെ അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി.

