Headlines

21-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയുടെ അമൂല്യ സ്വർണ ബ്രേസ്‍ലെറ്റ് കാണാതായി

കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലെ കൺസർവേഷൻ ലാബിൽ സൂക്ഷിച്ചിരുന്ന അമൂല്യ സ്വർണ ബ്രേസ്‍ലെറ്റ് കാണാതായി. ഇതിനെ തുടർന്ന് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷക സമൂഹം അതീവ ജാഗ്രതയിലാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

21-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്ന ഫറവോ സൈസെനസ് ഒന്നാമന്റേതാണ് ഈ അപൂർവ ബ്രേസ്‍ലൈറ്റ്. വരാനിരിക്കുന്ന ‘ട്രഷർ ഓഫ് ഫറവോസ്’ പ്രദർശനത്തിനായി ഇത് റോമിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നുവെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ടൂറിസം ആൻ്റ് ആൻ്റികേസ് മന്ത്രാലയം പൊലീസിനെയും പബ്ലിക് പ്രോസിക്യൂഷനെയും അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

കൺസർവേഷൻ ലാബിലെ എല്ലാ പുരാവസ്തുക്കളുടെയും കണക്കെടുക്കാനും പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മുൻകരുതലെന്ന നിലയിൽ കാണാതായ ബ്രേസ്‍ലെറ്റിന്‍റെ ചിത്രം ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി കടന്നുപോകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ എല്ലാ പുരാവസ്തു വിഭാഗങ്ങൾക്കും കൈമാറിയിട്ടുണ്ട്.

Leave a Reply