Headlines

തൊഴിൽ ചൂഷണത്തിനെതിരെ മലയാളത്തിൽ പരാതി നൽകാം ; സംവിധാനമൊരുക്കി യു എ ഇ

“പരാതിപ്പെട്ടാൽ ജോലി പോകുമോ?” – മറുനാട്ടിൽ വിയർപ്പൊഴുക്കുന്ന ഓരോ പ്രവാസി തൊഴിലാളിയുടെയും ഉള്ളിലെ ഏറ്റവും വലിയ ആശങ്കയായിരുന്നു ഇത്. എന്നാൽ ആ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട്, തൊഴിലാളികൾക്ക് തങ്ങളുടെ മാതൃഭാഷയിൽ തന്നെ പരാതികൾ അധികൃതരെ അറിയിക്കാനുള്ള നൂതന സംവിധാനം യു.എ.ഇയിൽ വൻ വിജയമാകുന്നു. കഴിഞ്ഞ വർഷം മാത്രം പതിനേഴായിരത്തോളം തൊഴിലാളികളാണ് ഈ സംവിധാനത്തിലൂടെ നീതി തേടിയെത്തിയത് എന്നത് ഇതിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. മലയാളം ഉൾപ്പെടെ 17 ഭാഷകളിലാണ് യു.എ.ഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഇപ്പോൾ സേവനം നൽകുന്നത്.

അറബിയോ ഇംഗ്ലീഷോ വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് തങ്ങൾ നേരിടുന്ന ചൂഷണങ്ങൾ സ്വന്തം ഭാഷയിൽ തന്നെ വ്യക്തമായി വിവരിക്കാൻ ഇത് അവസരമൊരുക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, രാജ്യത്തുടനീളമുള്ള മുന്നൂറിലധികം സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മാതൃഭാഷയിൽ സഹായം തേടാം. പരാതി നൽകുന്ന തൊഴിലാളിയുടെ ഐഡന്റിറ്റി അതീവ രഹസ്യമായി സൂക്ഷിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തൊഴിലുടമ അറിയാതെ തന്നെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തൊഴിലാളികൾക്ക് സാധിക്കും. പരാതി നൽകിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുകയോ മറ്റ് പ്രതികാര നടപടികൾ ഉണ്ടാവുകയോ ചെയ്യില്ലെന്ന് മന്ത്രാലയം ഉറപ്പുനൽകുന്നു.

2025-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 17,000 പരാതികളിലും ഈ രഹസ്യസ്വഭാവം കർശനമായി പാലിച്ചിരുന്നു. തൊഴിലാളികൾ മാത്രമല്ല, ചുറ്റുവട്ടത്ത് എവിടെയെങ്കിലും തൊഴിൽ നിയമങ്ങളുടെ ലംഘനമോ ചൂഷണമോ ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരു വ്യക്തിക്കും മന്ത്രാലയത്തെ വിവരമറിയിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലി ചെയ്യിപ്പിക്കുക, വേതനം തടഞ്ഞുവെക്കുക തുടങ്ങിയ ഏത് കാര്യവും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. ചൂഷണങ്ങൾക്കെതിരെ മൗനം പാലിക്കാതെ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നാണ് അധികൃതർ തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്നത്.

പരാതി അറിയിക്കാനുള്ള മാർഗ്ഗങ്ങൾ

ടോൾ ഫ്രീ നമ്പർ: 600590000

മൊബൈൽ ആപ്പ്: MoHRE App

സേവന കേന്ദ്രങ്ങൾ: തൗജീഹ്, തഷീൽ സെന്ററുകൾ.

മികച്ച തൊഴിൽ സാഹചര്യവും തൊഴിലാളികൾക്ക് മാന്യമായ പരിഗണനയും ഉറപ്പാക്കുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച തൊഴിൽ വിപണിയായി മാറാനാണ് യു.എ.ഇ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply