Headlines

189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതി

2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്ഫോടനത്തിൽ കീഴ്ക്കോടതി ശിക്ഷിച്ച 12 പേരെയും കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. 2015ൽ വിചാരണ കോടതി ഈ 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.

ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്ഫോടനത്തിൽ 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.

2006 ജൂലൈ 11 ന്, 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തിന് നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചു. ആദ്യ സ്‌ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും. ചർച്ച്‌ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തു വച്ചാണ് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.

Leave a Reply