കുടിയിറക്കപ്പെട്ട 17,600 അഫ്ഗാൻ പൗരർക്ക് അഭയം നൽകിയതായി യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അബുദാബിയിലെ എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിലാണ് ഇവർക്ക് താമസം ഒരുക്കിയത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം ഏറ്റെടുത്തശേഷം കുടിയിറക്കപ്പെട്ടവരാണ് ഇവർ. ഇവർക്ക് മികച്ചജീവിതം ഉറപ്പാക്കാനായി 134.8 കോടി ദിർഹം ആണ് യുഎഇ ചെലവഴിച്ചത്. ഇതിൽ ഭക്ഷണം, താമസം, ആരോഗ്യം, ആശയവിനിമയം, ലോജിസ്റ്റിക്, നയതന്ത്ര സേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവരുടെ ആവശ്യങ്ങൾക്ക് പ്രത്യേകപരിഗണന നൽകിയിരുന്നു. അഫ്ഗാനിസ്താനിൽനിന്ന് 41,000 പേരെ ഒഴിപ്പിക്കാനും യുഎഇ സഹായം നൽകിയിട്ടുണ്ട്. ഇതിൽ അഫ്ഗാൻ പൗരന്മാരും വിദേശികളും ഉൾപ്പെടും.
21 രാജ്യങ്ങളിലേക്ക് അഫ്ഗാൻ അഭയാർഥികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ 17 എംബസി ഓഫീസുകളും യുഎസ്, യുഎൻ, മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസുകളും പ്രവർത്തിച്ചു. കൂടാതെ 3764 അഫ്ഗാൻ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുകയും 2589 പേർക്ക് തൊഴിൽപരിശീലനം നൽകുകയും ചെയ്തു.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ 74 കോടി ദിർഹം മാനുഷികസഹായം യുഎഇ അഫ്ഗാനിസ്താന് നൽകിയിട്ടുണ്ട്. ഇതിൽ ദുരിതാശ്വാസ സാമഗ്രികളും കോവിഡിനെതിരായ വൈദ്യസഹായവും ഏഴ് അഫ്ഗാൻ പ്രവിശ്യകളിലായി 10 പ്രസവ-വനിതാ പരിചരണകേന്ദ്രങ്ങൾ തുറന്നതും ഉൾപ്പെടും.

