‘നമ്മുടെ കഥ പറയുന്ന പ്രഭാവലയങ്ങൾ’ എന്ന പ്രമേയത്തിൽ അരങ്ങേറിയ 15-ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് ഉജ്വല സമാപനം. ഈ മാസം 3 മുതൽ 15 വരെ നീണ്ടുനിന്ന ആഘോഷങ്ങളിൽ എമിറേറ്റിലെ 13 പ്രധാന കേന്ദ്രങ്ങളാണ് വർണാഭമായ വെളിച്ചത്തിൽ കുളിച്ചുനിന്നത്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ഈ ദൃശ്യവിസ്മയം കാണാൻ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് സന്ദർശകരാണ് ഒഴുകിയെത്തിയത്.ഹൗസ് ഓഫ് വിസ്‌ഡമിൽ നടന്ന സമാപന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും മാധ്യമപ്രതിനിധികളും പങ്കെടുത്തു. ഷാർജയുടെ സാംസ്കാരിക പൈതൃകവും വാസ്തുവിദ്യാ ഭംഗിയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവിഷ്കരിച്ച മേള, കലയുടെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമായി ഷാർജയെ മാറ്റിയെന്ന് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾക്കനുസൃതമായി ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവാണ് മേള നൽകിയത്.
15-ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് സമാപനം

