ഗതാഗത നിയമ ലംഘനങ്ങളുടെ കുടിശ്ശികകൾ തീർക്കാൻ വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി ഒമാൻ ഗതാഗത മന്ത്രാലയം വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ലാൻഡ് ട്രാൻസ്‌പോർട്ട് നിയമപ്രകാരം 2025 ഫെബ്രുവരി 18-ന് മുമ്പ് ചുമത്തപ്പെട്ട പിഴകൾക്കാണ് ഈ ഇളവുകൾ ലഭിക്കുക. പുതിയ പദ്ധതി പ്രകാരം, ടാക്‌സി ഉടമകളും ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്നവരും ഉൾപ്പെടെയുള്ള വ്യക്തികൾക്ക് എല്ലാ പിഴകളിലും 100% പൂർണ്ണ ഇളവ് ലഭിക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) 70% ഇളവ് അനുവദിക്കും, ബാക്കി തുക ആറ് പ്രതിമാസ ഗഡുക്കളായി അടയ്ക്കാവുന്നതാണ്. വലിയ കമ്പനികൾക്ക് 50% ഇളവ് ലഭിക്കും, കൂടാതെ ബാക്കി തുക ആറ് ഗഡുക്കളായി അടയ്ക്കാനും അവസരമുണ്ടാകും. പ്രവർത്തനം നിർത്തിയതോ, കുറഞ്ഞത് ഒരു വർഷത്തേക്ക് വാണിജ്യ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചതോ ആയ എസ്.എം.ഇ.കൾക്കും വലിയ കമ്പനികൾക്കും ഒരു വർഷത്തെ കാലയളവ് കഴിഞ്ഞാൽ എല്ലാ പിഴകളും പൂർണ്ണമായും റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
വാഹന ഉപഭോക്താക്കളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും നിയമപരമായ കാര്യങ്ങൾ സമയബന്ധിതമായി ക്രമീകരിക്കാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

