Headlines

100 കോടി രൂപയുടെ കൈത്താങ്ങുമായി ഇർത്ത് സായിദ് ചാരിറ്റീസ്

യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിയിലേക്ക് 10 കോടി ദിർഹത്തിന്റെ (ഏകദേശം 225 കോടിയിലേറെ രൂപ) വൻ സഹായം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ‘ഇർത്ത് സായിദ് ഫിലന്ത്രോപ്പി’യാണ് ഈ തുക അനുവദിച്ചത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പകർന്നുനൽകിയ കാരുണ്യത്തിന്റെ പാത പിന്തുടർന്നാണ് പുതിയ പ്രഖ്യാപനമെന്ന് ഇർത്ത് സായിദ് ഫിലന്ത്രോപ്പി ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് എൻഡോവ്‌മെന്റിന്റെ പ്രധാന ലക്ഷ്യം. കരുണയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമായ ഫാത്തിമ ബിൻത് മുബാറക്കിന്റെ കാഴ്ചപ്പാടുകളാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. രാജ്യത്തെ ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ തെളിയിക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും ആവശ്യമായ അടിത്തറ ഇതിലൂടെ ലഭിക്കും.

അബുദാബി ഔഖാഫിന്റെ മേൽനോട്ടത്തിൽ ഈ തുക പ്രത്യേക നിക്ഷേപ പദ്ധതികളിലൂടെ വളർത്തുകയും അതിൽ നിന്നുള്ള വരുമാനം അനാഥകുട്ടികളുടെ ക്ഷേമത്തിനായി സ്ഥിരമായി വിനിയോഗിക്കുകയും ചെയ്യും. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവുമുണ്ടാകും. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply