100 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ തീർപ്പാക്കി അബൂദബി ജുഡീഷ്യൽ വകുപ്പ്. വഹത് അൽ സവേയ, വഹത് യാസ് റിയൽ എസ്റ്റേറ്റ് പദ്ധതികൾ സംബന്ധമായ സാമ്പത്തിക തർക്കങ്ങളാണ് നീതിന്യായ വകുപ്പ് തീർപ്പാക്കിയത്. യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ടിൻറെയും അബൂദബി ജുഡീഷ്യൽ വകുപ്പിന്റെയും ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്റെ നിർദേശപ്രകാരം ഇരുപദ്ധതികളും സംബന്ധമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ജുഡീഷ്യൽ സമിതി രൂപവത്കരിച്ചാണ് തർക്കങ്ങൾ സുതാര്യമായി തീർപ്പാക്കിയത്.
വഹത് അൽ സവേയ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിക്കെതിരായ 1348 കേസുകളാണ് ജുഡീഷ്യൽ സമിതി പരിഹരിച്ചത്. വഹത് യാസ് റിയൽ എസ്റ്റേറ്റ് കമ്പനിയും വഹത് അൽ സവേയ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് കമ്പനിയും തമ്മിൽ അൽ റാഹ ബീച്ച് ഏരിയയിലെ വസ്തുവിനുവേണ്ടിയുള്ള കേസും സമിതി പരിഹരിച്ചു. വഹത് അൽ സവേയ പദ്ധതിക്കെതിരേ ഒരു ബാങ്ക് നൽകിയ പരാതി അധികൃതർ തീർപ്പാക്കുകയും 36 കോടിയുടെ കടം തിരികെ നൽകാൻ പുതിയ സമയക്രമം തീരുമാനിച്ചുനൽകുകയും ചെയ്തു. ചർച്ചയുടെ ഭാഗമായി നിരവധി പരാതിക്കാർ റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള ഇടപാടുകൾ തുടരാൻ സമ്മതിക്കുകയും ചെയ്തു. ഇതോടെ വഹത് അൽ സവേയയിലെ നിർമാണ പ്രവൃത്തികൾ തുടരാൻ കമ്പനിക്ക് കഴിയും.
14 ഘട്ടങ്ങളായി തിരിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. അതേസമയം, പർച്ചേസ് അടങ്കൽ തുകകളെല്ലാം അബൂദബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ മേൽനോട്ടത്തിലുള്ള എസ്‌ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കണം. കേസുകൾ തീർപ്പാക്കുന്നതിനായി സമിതി 85 യോഗങ്ങളാണ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

