സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഔദ്യോഗിക ചാനലുകൾ വഴിയേ മാത്രം നടത്തേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ഓർമപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് രംഗത്തെത്തി. ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഈ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ചത്.
വീസ, റസിഡൻസി, യാത്രാ രേഖകൾ, വിവിധ സർക്കാർ സേവന അപേക്ഷകൾ എന്നിവയ്ക്ക് സർക്കാർ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സേവന കേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കേണ്ടതുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. അനൗദ്യോഗിക ഇടനിലക്കാരെയും വ്യാജ മാർഗങ്ങളെയും ഒഴിവാക്കുന്നത് വ്യക്തികളുടെ അവകാശസംരക്ഷണത്തിനും നടപടിക്രമങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും സഹായകമാണെന്നും ജിഡിആർഎഫ്എ അറിയിച്ചു.
ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി ഇടപാടുകൾ പൂർത്തിയാക്കുന്നതിലൂടെ നടപടികൾ സുരക്ഷിതമായി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതുവഴി തെറ്റിദ്ധാരണകളും അനാവശ്യ ബുദ്ധിമുട്ടുകളും ഒഴിവാക്കാനും പൊതുജനങ്ങൾക്ക് കഴിയും.പൊതുജനങ്ങളുടെ സുരക്ഷയും സേവനങ്ങളുടെ സുതാര്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓർമപ്പെടുത്തൽ നൽകിയിരിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു. സർക്കാർ അംഗീകരിച്ച മാർഗങ്ങൾ പിന്തുടരുന്നതാണ് സുരക്ഷിതമായും ശരിയായ ദിശയിലുമുള്ള ഏക വഴി എന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ദുബായിലെ വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓർമപ്പെടുത്തി.

