സൗദി അറേബ്യയുടെ സാമ്പത്തിക ചരിത്രത്തിൽ നിർണ്ണായക ചുവടുവെപ്പായി സൗദി ഓഹരി വിപണി (Tadawul) ഇന്ന് മുതൽ എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കുമായി തുറന്നുകൊടുത്തു. സൗദിയിൽ താമസിക്കാത്ത വിദേശ നിക്ഷേപകർക്കും പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താൻ അനുമതി നൽകുന്ന പുതിയ ചട്ടക്കൂടിന് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അംഗീകാരം നൽകിയതോടെയാണിത്. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് സൗദി വിപണി പ്രാപ്യമാകുന്നതോടെ വിപണിയുടെ ആകർഷണീയത വർധിക്കുമെന്നും ആഗോളതലത്തിൽ വളർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വിപണികളിലൊന്നായി സൗദി മാറുമെന്നും അതോറിറ്റി വ്യക്തമാക്കി.നിക്ഷേപക അടിത്തറ വിശാലമാക്കാനും വൈവിധ്യവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള ഈ ഭേദഗതികൾ വിദേശ നിക്ഷേപങ്ങളെ കൂടുതൽ ആകർഷിക്കുകയും വിപണിയിലെ പണലഭ്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ സൗദി വിപണിയിലെ വിദേശ നിക്ഷേപം 590 ബില്യൻ റിയാൽ കവിഞ്ഞിരുന്നു. ഇത് ആഗോള നിക്ഷേപകർക്ക് സൗദിയിലുള്ള ആത്മവിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വിലയിരുത്തി.
സൗദിയിൽ നിർണായക നീക്കം; ഓഹരി വിപണി എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കുമായി തുറന്നു

