Headlines

സൗദിയിൽ ഈജാർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് നിയമസാധുതയില്ല

സൗദി അറേബ്യയിലെ വാടക കരാറുകൾക്ക് ഇനി മുതൽ ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റിന്റെ ഈജാർ (Ejar) പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഈജാർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് നിയമസാധുതയുണ്ടായിരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക സർക്കാർ സേവനങ്ങൾക്കായി ഇത്തരം രജിസ്റ്റർ ചെയ്യാത്ത കരാറുകൾ സ്വീകാര്യമല്ലാത്ത രേഖയായി കണക്കാക്കുമെന്നും റിയൽ എസ്റ്റേറ്റ് അതോറിറ്റി അറിയിച്ചു.

ഭവന വാടക വിപണിയിൽ കൂടുതൽ വിശ്വാസ്യത ഉറപ്പുവരുത്തുക, അതുവഴി വാടക സംബന്ധമായ തർക്കങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഇനി ഈജാർ കരാറുകൾ നിർബന്ധമാകും എന്നും അതോറിറ്റി വ്യക്തമാക്കി. ഭവന മന്ത്രാലയവുമായും സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ചായിരിക്കും ഈ സംവിധാനം നടപ്പിലാക്കുന്നത്. വാടക കരാർ ആവശ്യമായ എല്ലാ സർക്കാർ സേവനങ്ങൾ നൽകുമ്പോഴും ഏജൻസികൾ ഈജാർ നെറ്റ്വർക്ക് വഴി വാടക കരാറുകൾ പരിശോധിക്കും.

ഈജാറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത അസാധാരണ കേസുകളുണ്ടെങ്കിൽ, അത്തരം കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും നിർണ്ണയിക്കേണ്ട ഉത്തരവാദിത്തം നീതിന്യായ, ഭവന മന്ത്രാലയങ്ങൾക്കാണ്.ഈ പുതിയ നിയമം വാടക വിപണിയിൽ കൂടുതൽ സുതാര്യതയും ക്രമീകരണങ്ങളും കൊണ്ടുവരാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply