Headlines

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വേഗത്തിലാക്കുന്നു, മിനിമം വേതനവും പുതിയ നിർദ്ദേശങ്ങളുമായി കുവൈത്ത് അധികൃതർ

കുവൈത്തിൽ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നീക്കം. സ്വദേശിവൽക്കരണം വേഗത്തിലാക്കാനും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കുറക്കാനുമുള്ള നീക്കം വിവിധ വകുപ്പുകൾ ആരംഭിച്ചു. 2010ലെ തൊഴിൽ നിയമത്തിലെ ഭേദഗതി കരട് മന്ത്രിസഭക്ക് സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.

പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയും ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ചും സ്വകാര്യ മേഖലയിലെ കുവൈത്ത് തൊഴിലാളികൾക്ക് ഓരോ അഞ്ച് വർഷത്തിലും മിനിമം വേതനം നിശ്ചയിക്കാൻ ഭേദഗതി നിർദ്ദേശിക്കുന്നു. ചില ജോലികൾ സ്വദേശികൾക്കായി മാത്രം സംവരണം ചെയ്യാനും നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ നടപ്പിലാക്കാനും നടപടികളുണ്ടാകും. സ്വദേശിവൽക്കരണ നിരക്കുകൾ ഉയർത്തുക, നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ നടപ്പിലാക്കുക, ചില തൊഴിൽ സ്വദേശി തൊഴിലാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, സ്വകാര്യ മേഖലയിലെ ജോലികൾക്കായി കുവൈത്ത് യുവാക്കളെ സജ്ജമാക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികൾ അവതരിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

സാങ്കേതിക, തൊഴിലധിഷ്ഠിത ബിരുദധാരികളുടെ കുറവ്, വ്യാവസായിക മേഖലകളിൽ ജോലി ചെയ്യുന്നതിനുള്ള സാംസ്‌കാരിക വിമുഖത, സ്വകാര്യ മേഖലയെ അപേക്ഷിച്ച് സർക്കാർ മേഖല വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും തുടങ്ങിയ കുവൈത്തിവൽക്കരണം നേരിടുന്ന വെല്ലുവിളികളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ-മുസൈനി ചൂണ്ടിക്കാട്ടി.

Leave a Reply