Headlines

സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂര പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിവസം യുവതി ജീവനൊടുക്കി

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂര്‍ പൊന്നേരി സ്വദേശിനി ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. തിങ്കാഴ്ച രാത്രിയോടെ ലോകേശ്വരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോകേശ്വരിയുടെ വീട്ടുകാരോട് 10 പവൻ സ്ത്രീധനം വേണമെന്ന് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. അത്രയും നൽകാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്ന് അറിയിച്ചപ്പോൾ അഞ്ച് പവൻ ആവശ്യപ്പെട്ടു. എന്നാൽ നാലു പവനാണ് നൽകിയത്. ബാക്കി ഒരു പവന്‍ സ്വര്‍ണം ഉടന്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവിന്‍റെ വീട്ടുകാര്‍ ലോകേശ്വരിയെ പീഡിപ്പിച്ചത്. സ്വർണത്തിന് പുറമേ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു.

ബാക്കിയുള്ള ഒരു പവന് പുറമെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എ.സി കൂടി വാങ്ങണമെന്ന് പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു. അടുത്ത ദിവസമാണ് ലോകേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജൂൺ 27നാണ് ലോകേശ്വരി വിവാഹിതയായത്. കട്ടാവൂര്‍ സ്വദേശിയായ പനീര്‍ ആണ് ലോകേശ്വരിയുടെ ഭര്‍ത്താവ്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീര്‍.

Leave a Reply