പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ നവംബര്‍ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തില്‍ ( completely built unit) രാജ്യത്തേക്ക് കൊണ്ടുവരും.
ശക്തമായ പെര്‍ഫോമന്‍സിന്റെ പേരിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നത്. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ എന്‍ജിന്‍ കപാസിറ്റി. 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.
ഗ്ലോസ് ബ്ലാക്ക് ആക്സന്റുകള്‍, ഹണികോമ്പ് മെഷ് ഗ്രില്‍, വലിയ അലോയ് വീലുകള്‍, വ്യത്യസ്തമായ ബോഡി കിറ്റ് തുടങ്ങിയ സ്പോര്‍ട്ടി സ്‌റ്റൈലിങ് ടച്ചുകള്‍ സാധാരണ ഒക്ടാവിയയില്‍ നിന്ന് ആര്‍എസിനെ വേറിട്ടുനിര്‍ത്തുന്നു. സ്പോര്‍ട്സ് സീറ്റുകള്‍, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ്, അലുമിനിയം പെഡലുകള്‍ എന്നിവയാണ് കാബിനിലെ ഫീച്ചറുകള്‍. ഒക്ടാവിയ ആര്‍എസ് ഒരു പ്രീമിയം കാറായാണ് വിശേഷിപ്പിക്കുന്നത്.

