Headlines

സ്‌കൂൾ സമയമാറ്റം: മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് എഎൻ ഷംസീർ

സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എഎൻ ഷംസീർ. സ്‌കൂൾ സമയത്തിന് മുമ്പ് മാത്രമെ മതപഠനം നടക്കൂ എന്ന വാശി ഒഴിവാക്കണമെന്ന് എഎൻ ഷംസീർ പറഞ്ഞു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മളും മാറണം. 10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു

. ഹൈക്കോടതി നിർദ്ദേശപ്രകാരം, ക്ലാസ് സമയം അരമണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ആയി സർക്കാർ ക്രമീകരിച്ചിരുന്നു. പഠനദിനങ്ങൾ 220 ആയി ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം.
മദ്രസാ പഠനത്തിന് തടസ്സമുണ്ടാകുമെന്ന കാരണത്താൽ സമസ്ത ഉൾപ്പെടെയുള്ള ചില സംഘടനകൾ മാറ്റത്തെ എതിർത്തിരുന്നു.

സ്‌കൂൾ സമയ മാറ്റത്തിൽ മത സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ച സമവായത്തിലെത്തിയിരുന്നു. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സർക്കാരുമായുള്ള ചർച്ചയിൽ തൃപ്തരാണെന്നായിരുന്നു സമസ്തയുടെ പ്രതികരണം. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.

Leave a Reply